തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരേ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ നല്‍കിയ പരാതി ഐ.ജിക്കു കൈമാറി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കു നല്‍കിയ പരാതിയാണ് ഐ.ജിക്കു കൈമാറിയത്.
തിരൂര്‍ ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല.
സംഭവത്തില്‍ രമ്യ നേരത്തേതന്നെ ആലത്തൂര്‍ ഡിവൈ.എസ്.പി.ക്കും പരാതി നല്‍കിയിരുന്നു. പൊന്നാനിയില്‍വെച്ച് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.വി. അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍വെച്ചാണു രമ്യക്കെതിരേ വിജയരാഘവന്റെ അധിക്ഷേപപരാമര്‍ശമുണ്ടായത്.
“ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്””- എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍. പരാമര്‍ശം യാദൃശ്ചികമല്ലെന്നും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നുമാണു രമ്യ പ്രതികരിച്ചത്.
ഈ പരാമര്‍ശത്തിന്റെ പേരില്‍ വിജയരാഘവനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ നടപടി ന്യായീകരിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.