Movie Day
പേരില്ലൂര്‍ സ്വന്തം പേരിലാക്കുന്ന പീതാംബരന്‍ മാസ്റ്റര്‍; വിജയരാഘവന്റെ വണ്‍ മാന്‍ ഷോ
ഏത് വിധേയനയും അധികാരം നേടിയെടുക്കുക, അത് നിലനിര്‍ത്തുക, ഇട്ടുമൂടാന്‍ സ്വത്ത് ഉള്ളപ്പോഴും അഴിമതിയിലൂടെ വീണ്ടും വീണ്ടും സ്വന്തം പോക്കറ്റ് നിറയ്ക്കുക. ഒരു ഗ്രാമത്തെയാകെ പറ്റിച്ച് എന്നാല്‍ അവര്‍ക്കൊപ്പമെന്ന് ഓരോ വാക്കുകളിലും തോന്നിപ്പിച്ച് പെരുമാറുക. പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന വെബ് സീരീസിനെ സമ്പന്നമാക്കുന്ന കഥാപാത്രമാണ് വിജയരാഘവന്‍ അവതരിപ്പിച്ച പീതാംബരന്‍ മാസ്റ്റര്‍.
മരിച്ചാലും പേരില്ലൂര്‍ പഞ്ചായത്തിന്റെ ഭരണം മറ്റൊരാള്‍ക്ക് കൈമാറില്ലെന്ന് ശപഥം ചെയ്ത ജന്മമാണ് പീതാംബരന്‍ മാസ്റ്ററുടേത്. തെരഞ്ഞെടുപ്പ് പ്രകടനപത്രിക തള്ളിപ്പോകുന്ന ഘട്ടത്തില്‍ സ്വന്തം മരുമകളെ കളത്തിലിറക്കി ഭരണം പിടിക്കാന്‍ തയ്യാറെടുക്കുന്ന പീതാംബരനിലൂടെയാണ് പേരില്ലൂരിന്റെ കഥയാരംഭിക്കുന്നത്. സമീപകാലത്ത് ചെയ്ത കഥാപാത്രങ്ങളില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു റോളിലാണ് പേരില്ലൂരിന്റെ നട്ടെല്ലായ പീതാംബരന്‍ മാസ്റ്ററായി വിജയരാഘവന്‍ എത്തിയിരിക്കുന്നത്.
ഇനിയും പരീക്ഷിക്കാന്‍ ഒട്ടേറെ കാര്യങ്ങളില്‍ തന്നിലെ നടനിലുണ്ടെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് പീതാംബരന്‍ മാസ്റ്റര്‍ എന്ന കഥാപാത്രത്തിലൂടെ വിജയരാഘവന്‍. പൂക്കാലം എന്ന ചിത്രത്തിലെ അപ്പാപ്പന്റെ പ്രായത്തോളമെത്തില്ലെങ്കിലും പ്രായമായ ഒരു കഥാപാത്രം തന്നെയാണ് പീതാംബരന്‍ മാസ്റ്റര്‍.
അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ വ്യക്തിയാണ് പീതാംബരന്‍. എന്നാല്‍ ആ കഥാപാത്രത്തോട് ഒരു ഘട്ടത്തിലും വലിയൊരു എതിര്‍പ്പ് പ്രേക്ഷകന് തോന്നാത്തത് ആ കഥാപാത്ര സൃഷ്ടിയുടെ സൂക്ഷ്മത തന്നെയാണ്.
ഒരോ കാര്യങ്ങളും തനിക്ക് അനുകൂലമാക്കിയെടുക്കാനുള്ള അപാരമായ കഴിവുള്ള വ്യക്തിയാണ് പീതാംബരന്‍. സ്വന്തം നേട്ടത്തിന് വേണ്ടി എന്ത് നാടകവും കളിക്കാന്‍ മടിയില്ലാത്തയാള്‍. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള രംഗങ്ങളില്‍ പീതാംബരന്‍ എന്ന കഥാപാത്രമായി ജീവിക്കാന്‍ വിജയരാഘവന്‍ എന്ന നടന് സാധിച്ചിട്ടുണ്ട്. ഒരു തരത്തില്‍ ഒരു വിജയരാഘവന്‍ ഷോ ആണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്.
മരുമകളെ പ്രസിഡന്റാക്കി നിര്‍ത്തി അവളുടെ മറവില്‍ പഞ്ചായത്ത് ഭരിക്കുന്നതും അഴിമതി നടത്തുന്നതുമെല്ലാം പീതാംബരന്‍ മാസ്റ്ററാണ്. അക്ഷയ കേന്ദ്രം തുടങ്ങാനായി തന്നെ സമീപിച്ചയാളില്‍ നിന്നും കോഴ വാങ്ങിയും ബസ് സ്റ്റോപ്പിന്റെ പേരില്‍ 25 ലക്ഷത്തിന്റെ അഴിമതി നടത്തിയുമൊക്കെയാണ് പീതാംബരന്‍ മുന്നോട്ടു പോകുന്നത്. അപ്പോഴും ഒരു ഘട്ടത്തില്‍ പോലും അദ്ദേഹം പിടിക്കപ്പെടുന്നില്ല. അവിടെയൊക്കെ ഏതെങ്കിലും രീതിയില്‍ ഭാഗ്യം അദ്ദേഹത്തെ തുണയ്ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ വിവിധ പഞ്ചായത്തുകള്‍ വര്‍ഷങ്ങളോളം ഭരിച്ചു മുടിച്ച നിരവധി പേരെ അനുസ്മരിപ്പിക്കുക കൂടിയാണ് പീതാംബരന്‍ മാസ്റ്റര്‍.
ഒരു വേള ഭരണം കൈവിട്ടുപോകുമെന്ന അവസ്ഥയില്‍ പോലും അതിവിദഗ്ധമായി കാര്യങ്ങളെ തനിക്ക് അനുകൂലമായി തിരിക്കുന്നുണ്ട് പീതാംബരന്‍ മാസ്റ്റര്‍. ഒരു ഘട്ടത്തില്‍ പോലും വിജയരാഘവന് പകരം മറ്റൊരു കഥാപാത്രത്തെ അവിടെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ അത്ര ഗംഭീകരമാക്കിയിട്ടുണ്ട് ആ കഥാപാത്രത്തെ അദ്ദേഹം.
വില്ലന്‍ വേഷങ്ങളിലും നായക വേഷങ്ങളിലും ഒരേ പോലെ തിളങ്ങിയ നടനാണ് വിജയരാഘവന്‍. ജോഷി സംവിധാനം ചെയ്ത ന്യൂദല്‍ഹി എന്ന ചിത്രമാണ് വിജയരാഘവന്റെ കരിയറില്‍ ബ്രേക്കായത്. വ്യത്യസ്തമാര്‍ന്ന വേഷങ്ങള്‍ തിരഞ്ഞുപിടിച്ച് ചെയ്യുന്ന രീതി അന്നും ഇന്നും വിജയരാഘവനുണ്ട്. ഒരു താരം എന്നതിലുപരിയായി തന്നിലെ നടനെ തേച്ചുമിനുക്കാന്‍ അദ്ദേഹം എന്നും തയ്യാറായിരുന്നു.
റാംജി റാവു സ്പീക്കിങ്, ഏകലവ്യന്‍, ദേശാടനം എന്നീ ചിത്രങ്ങളൊക്കെ വിജയരാഘവന്റെ റേഞ്ച് പ്രേക്ഷകന് മനസിലാക്കി കൊടുത്ത ചിത്രങ്ങളായിരുന്നു. ഹീറോയായി തിളങ്ങുന്ന സമയത്ത് തന്നെയാണ് ദേശാടനത്തിലെ ശങ്കരന്‍ എന്ന കഥാപാത്രമായി വിജയരാഘവന്‍ പകര്‍ന്നാടിയത്.
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ലീല, പൂക്കാലം തുടങ്ങി വ്യത്യസ്തമാര്‍ന്ന വേഷങ്ങള്‍ ഇന്നും പരീക്ഷിക്കുകയാണ് വിജയരാഘവന്‍. അന്‍പത് വര്‍ഷം സിനിമയില്‍ പിന്നിടുമ്പോള്‍ വിജയരാഘവന്‍ എന്ന പേര് ഇന്നും മുഴങ്ങിക്കേള്‍ക്കുന്നത് അദ്ദേഹം ചെയ്തുവെച്ച കഥാപാത്രങ്ങളുടെ ബലം കൊണ്ട് തന്നെയാണ്. ഈ പ്രായത്തിലും വ്യത്യസ്തത തിരയുന്ന അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കുകയാണ്.
കഥകളാല്‍ സമ്പന്നമാണ് പേരില്ലൂര്‍ ഗ്രാമം. അവിടുത്തെ ഓരോരുത്തര്‍ക്കും പറയാന്‍ നിരവധി കഥകളുണ്ട്. അതി മനോഹരമായി ഒരു ഗ്രാമത്തെ പ്രേക്ഷകന് മുന്നില്‍ വരച്ചിടുകയാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലൂടെ സംവിധായകനും തിരക്കഥാകൃത്തും. കുഞ്ഞിരാമായണത്തിന്റെ തിരക്കഥ ഒരുക്കിയ ദീപു പ്രദീപാണ് പേരില്ലൂരിന്റെയും രചയിതാവ്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ‘പേരില്ലൂര്‍ പ്രീമിയം ലീഗ്’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഏഴു എപ്പിസോഡുകളാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലുള്ളത്. ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്തയും സി.വി സാരഥിയും ചേര്‍ന്നാണ് സീരിസ് നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Vijayaraghavan Performance on perilloor premier league