മമ്മൂട്ടിക്കൊപ്പമുള്ള ബന്ധത്തെ പറ്റി സംസാരിക്കുകയാണ് വിജയരാഘവന്‍. കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷന്റെ ഭാഗമായി 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ മമ്മൂട്ടിക്കൊപ്പമുള്ള ദീര്‍ഘകാലത്തെ ബന്ധത്തെ പറ്റി പറഞ്ഞത്.
‘വളരെ കംഫര്‍ട്ടബിളായി തോന്നുന്ന കുറേ ആര്‍ടിസ്റ്റുകളുണ്ട് മലയാളത്തില്‍. ആദ്യകാലം മുതലുള്ള പരിചയവും പിന്നെ വ്യക്തിബന്ധങ്ങളുമൊക്കെയുള്ള ആളാണ് മമ്മൂസ്,’ വിജയരാഘവന്‍ പറഞ്ഞു.
തന്നെ വിളിക്കുന്ന പേരില്‍ തന്നെ ആ ബന്ധമുണ്ടെന്നാണ് ഇതിനോട് മമ്മൂട്ടി പ്രതികരിച്ചത്. ‘മമ്മൂസ് എന്ന് വിളിക്കുന്ന ആളുകള്‍ കുറവാണ്. ഒരുപാട് വര്‍ഷമായി സിനിമയില്‍ ഒന്നിച്ചുള്ള ആളുകളാണ് ഞങ്ങള്‍. വന്ന കാലം മുതല്‍ എല്ലാ പ്രായങ്ങളും ഞങ്ങള്‍ പരസ്പരം കണ്ടവരാണ്. സമപ്രായക്കാരാണ്. അങ്ങനെ ഒരുപാട് പേരുണ്ട്. ഒന്നുരണ്ട് പേരൊക്കെ പോയി.
പിന്‍നിലാവ് മുതല്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. പിന്‍നിലാവില്‍ ഞങ്ങള്‍ ഫ്രണ്ട്‌സാണ്. മോഹന്‍ലാല്‍, മുകേഷ്, സന്തോഷ്, വിജയരാഘവന്‍ ഇവരെല്ലാം ആ സിനിമയില്‍ എന്റെ സുഹൃത്തുക്കളായാണ് അഭിനയിച്ചത്. പിന്നെ ഇയാളെന്റെ വില്ലനായി അഭിനയിച്ചു. പിന്നെ സാമ്രാജ്യത്തില്‍ എന്റെ ഹൃദയം സൂക്ഷിപ്പുകാരനാണ്. കിംഗിലുണ്ട്. പറഞ്ഞുപോവുകയാണെങ്കില്‍ എണ്ണിയാല്‍ തീരില്ല,’ മമ്മൂട്ടി പറഞ്ഞു.
ഇരുവരും തമ്മില്‍ ഒരിക്കല്‍ നടന്ന രസകരമായ സംഭാഷണം റോണി ഡേവിഡും അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ‘കുട്ടേട്ടന്‍ പറഞ്ഞ ഒരു ഉഗ്രന്‍ തമാശയുണ്ട്. ഒരിക്കല്‍ വളരെ പേഴ്സണല്‍ ആയി പറഞ്ഞ കാര്യമാണ്. തന്റെ അച്ഛനായി അഭിനയിക്കണം, വളരെയധികം അഭിനയ പ്രാധാന്യമുള്ള ചലഞ്ചിങ്ങായ കഥാപാത്രമാവണം എന്ന് ഒരിക്കല്‍ ഞാന്‍ മമ്മൂസിനോട് പറഞ്ഞു. എന്നാല്‍ പിന്നെ ഞാന്‍ തന്നെ ചെയ്താല്‍ പോരേ, തനിക്കെന്തിനാണ് തരുന്നത് എന്നാണ് മമ്മൂക്ക കുട്ടേട്ടനോട് പറഞ്ഞത്. അതാണ് നമ്മുടെ ആള്,’ റോണി പറഞ്ഞു.
Content Highlight: Vijayaraghavan is talking about his bonding with Mammootty