Entertainment
മലയാളസിനിമക്ക് ഒരു ലാംഗ്വേജ് ഉണ്ടായത് ആ സംവിധായകരുടെ വരവോടെയാണ്: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 11, 11:32 am
Tuesday, 11th February 2025, 5:02 pm

52 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് വിജയരാഘവന്‍. കാപാലിക എന്ന ചിത്രത്തിലൂടെയാണ് വിജയരാഘവന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് സഹനടനായും വില്ലനായും നായകനായും മലയാളസിനിമയില്‍ വിജയരാഘവന്‍ വേഷമിട്ടു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്യാരക്ടര്‍ റോളുകളിലൂടെ ഓരോ സിനിമയിലും വിസ്മയിപ്പിക്കുന്ന വിജയരാഘവനെയാണ് കാണാന്‍ സാധിക്കുന്നത്.

മലയാളസിനിമയിലെ പല മാറ്റങ്ങളും നേരില്‍ കാണാന്‍ സാധിച്ചിട്ടുള്ള നടനാണ് വിജയരാഘവന്‍. അത്തരം മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ഇത്രയും വര്‍ഷമായി മലയാളസിനിമയുടെ ഭാഗമാണ് താനെന്ന് വിജയരാഘവന്‍ പറഞ്ഞു. മലയാളസിനിമക്ക് ഒരു ലാംഗ്വേജ് ഉണ്ടായതാണ് താന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ മാറ്റമെന്നും അതിന് കാരണക്കാരനായത് ചില സംവിധായകരാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

കെ.ജി. ജോര്‍ജ്, അരവിന്ദന്‍, പി.എന്‍. മേനോന്‍ തുടങ്ങിയ സംവിധായകരുടെ വരവിന് ശേഷമാണ് മലയാളസിനിമക്ക് വലിയൊരു മാറ്റമുണ്ടായതെന്നും വിജയരാഘവന്‍ പറഞ്ഞു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ച് ഇറങ്ങിയവരാണ് അവരെന്നും ഇന്‍ഡസ്ട്രിക്ക് തന്നെ വലിയൊരു ഗുണം അവരുടെ വരവിന് ശേഷം സംഭവിച്ചതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് ഡിജിറ്റല്‍ ക്യാമറയുടെ വരവും സിനിമയെ വലിയ രീതിയില്‍ മാറ്റിയെന്നും വിജയരാഘവന്‍ പറഞ്ഞു. എത്ര ടേക്ക് വേണമെങ്കിലും ഇപ്പോള്‍ എടുക്കാമെന്നും റിഹേഴ്‌സലുകളുടെ ആവശ്യം അധികം ഉണ്ടാകാറില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. ഇതെല്ലാമാണ് തനിക്ക് തോന്നിയ മാറ്റങ്ങളെന്നും അതിന്റെ ഭാഗമാകാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

’52 വര്‍ഷമായി സിനിമായില്‍ നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അതില്‍ പകുതി മാത്രമേ സത്യമുള്ളൂ. ആദ്യത്തെ സിനിമ ചെയ്തിട്ട് 52 വര്‍ഷമായി. പക്ഷേ, ആദ്യത്തെ പടം ചെയ്തിട്ട് പിന്നീട് കുറച്ചുകാലം സിനിമയില്‍ അഭിനയിച്ചിട്ടില്ല. ആ ഒരു ഗ്യാപ്പ് നോക്കണമല്ലോ. മലയാളസിനിമയുടെ ചില മാറ്റങ്ങളും കാണാന്‍ പറ്റിയെന്നുള്ളത് ഈ സമയത്ത് സാധിച്ച കാര്യമാണ്.

മലയാളസിനിമക്ക് വലിയൊരു മാറ്റം എന്ന് പറയാന്‍ പറ്റുന്നത് കെ.ജി. ജോര്‍ജ്, അരവിന്ദന്‍, പി.എന്‍. മേനോന്‍ ഇവരുടെയൊക്കെ വരവിന് ശേഷമാണ്. അവര്‍ വന്നതിന് ശേഷമാണ് മലയാളസിനിമക്ക് ഒരു ലാംഗ്വേജ് രൂപപ്പെട്ടത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ് അവരൊക്കെ. ഇന്‍ഡസ്ട്രിക്ക് വലിയ മാറ്റം അവരിലൂടെ സംഭവിച്ചു.

പിന്നെ വന്നിട്ടുള്ള വലിയൊരു മാറ്റം ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറിയതാണ്. അതിന് മുമ്പ് ഓരോ സീനും എടുക്കുന്നത് വളരെ ശ്രദ്ധിച്ചുകൊണ്ടാണ്. കാരണം, ഫിലിമിന്റെ മാഗസിന് വലിയ വിലയാണ്. അതുകൊണ്ട് ഒരുപാട് തവണ റിഹേഴ്‌സലൊക്കെ ചെയ്തിട്ടാണ് ഓരോ സീനും എടുത്തത്. ഇന്ന് റിഹേഴ്‌സലിന്റെ ആവശ്യമൊന്നും അധികം ഉണ്ടാവില്ല,’ വിജയരാഘവന്‍ പറയുന്നു.

Content Highlight: Vijayaraghavan about the changes happened after the entry of K G George and P N Menon