50 വര്‍ഷത്തോളമായി മലയാളസിനിമയുടെ ഭാഗമായി നില്‍ക്കുന്ന നടനാണ് വിജയരാഘവന്‍. നാടകത്തില്‍ നിന്ന് സിനിമയിലേക്കെത്തിയ വിജയരാഘവന്‍ കരിയറിന്റെ തുടക്കത്തില്‍ സഹനടന്‍ വേഷങ്ങളാണ് കൂടുതലും ചെയ്തത്. പിന്നീട് 90കളില്‍ നായകനായി നിരവധി സിനിമകള്‍ ചെയ്തു.
2000ത്തിന് ശേഷം വില്ലന്‍ കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുകയും പിന്നീട് വീണ്ടും ക്യാരക്ടര്‍ റോളുകളിലേക്ക് മാറുകയും ചെയ്ത വിജയരാഘവനെയാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസായ പൂക്കാലത്തിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി.
മലയാളസിനിമയിലെ മാറ്റം യഥാര്‍ത്ഥത്തില്‍ ആരംഭിച്ചത് 1970കളിലാണെന്ന് പറയുകയാണ് വിജയരാഘവന്‍. പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും എന്ന സിനിമയിലൂടെയാണ് മലയാളസിനിമയുടെ ഗതി മാറിയതെന്ന് വിജയരാഘവന്‍ പറഞ്ഞു. അതുവരെ ഇന്‍ഡോറില്‍ മാത്രം തളച്ചിട്ട മലയാളസിനിമയെ ഔട്ട്‌ഡോറിലേക്ക് കൊണ്ടുവന്നത് ആ സിനിമയിലൂടെയായിരുന്നുവെന്ന് വിജയരാഘവന്‍ പറഞ്ഞു. വിവിധ ലെന്‍സുകളുടെ ഉപയോഗവും ഈ സിനിമയിലൂടെ കാണാന്‍ സാധിച്ചെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
90കളില്‍ നമ്മള്‍ കാണുന്ന മലയാളസിനിമയുടെ മാറ്റത്തിന്റെ തുടക്കം 70കള്‍ മുതലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മലയാളത്തില്‍ കെ.ജി. ജോര്‍ജ്, ഭരതന്‍, പദ്മരാജന്‍ തുടങ്ങി ലെജന്‍ഡറിയായിട്ടുള്ള സംവിധായകര്‍ സിനിമയെ അടിമുടി മാറ്റിയെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. അതില്‍ തന്നെ അസാമാന്യനായിട്ടുള്ള സംവിധായകനാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
‘മലയാളസിനിമയുടെ മാറ്റം ശരിക്ക് തുടങ്ങിയത് 70കളിലാണെന്നാണ് എന്റെ അഭിപ്രായം. പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവുമാണ് മലയാളത്തില്‍ മാറ്റത്തിന് തുടക്കം കുറിച്ച സിനിമ. അതുവരെ സ്റ്റുഡിയോയുടെ ഉള്ളില്‍ മാത്രം ഒതുങ്ങിനിന്ന മലയാളസിനിമയെ ഔട്ട്‌ഡോറിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്.
ആ സിനിമയിലൂടെയാണ് വൈഡ് ഷോട്ടും ലോങ് ഷോട്ടുമൊക്കെ വളരെ നന്നായി ഉപയോഗിച്ചത്. അതിന് മുമ്പ് ക്ലോസപ്പ് വെക്കുന്നതൊക്കെ വളരെ കുറവായിരുന്നു. ലെന്‍സുകളുടെ ഉപയോഗം അദ്ദേഹം മികച്ച രീതിയില്‍ കാണിച്ചുതന്നു.
ആ സിനിമക്ക് ശേഷം മലയാളത്തില്‍ പ്രതിഭാധനരായ ധാരളം സംവിധായകര്‍ കടന്നുവന്നു. ഭരതന്‍, പദ്മരാജന്‍, കെ.ജി. ജോര്‍ജ് എന്നിവരുടെയൊക്കെ കാലം സുവര്‍ണകാലഘട്ടമായിരുന്നു. അതില്‍ കെ.ജി. ജോര്‍ജ്ജിനെപ്പോലെയുള്ളവര്‍ അസമാന്യ പ്രതിഭാശാലികളാണ്. പക്ഷേ ആ മാറ്റത്തിന്റൈയെല്ലാം തുടക്കം ഓളവും തീരവും എന്ന സിനിമയിലൂടെയായിരുന്നു എന്ന് മാത്രം,’ വിജയരാഘവന്‍ പറയുന്നു.
Content Highlight: Vijayaraghavan about old Olavum Theeravum movie