| Sunday, 22nd September 2024, 8:00 am

മമ്മൂട്ടി ആ അനുഭവങ്ങൾ പറയുമ്പോൾ എനിക്ക് വലിയ നഷ്ടം തോന്നും: വിജയരാഘവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് നടൻ വിജയരാഘവൻ. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു. മലയാളത്തിന്റെ നാടകാചാര്യന്മാരിൽ ഒരാളായ എൻ. എൻ. പിള്ളയുടെ മകനാണ് വിജയ രാഘവൻ. അതുകൊണ്ട് തന്നെ നാടകരംഗത്ത് നിന്നാണ് താരം സിനിമയിലേക്ക്‌ എത്തുന്നത്.

പൂക്കാലം, ആന്റണി തുടങ്ങി ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന കിഷ്കിന്ധാ കാണ്ഡം എന്നിങ്ങനെ ഈയിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് വിജയരാഘവൻ കാഴ്ചവെച്ചത്. എന്നാൽ ഇത്രയേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ചില സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ കഴിയാത്തത് വലിയ നഷ്ടമാണെന്ന് പറയുകയാണ് അദ്ദേഹം.

തനിക്ക് കെ.ജി. ജോർജ്, പത്മരാജൻ, ഭരതൻ, പ്രിയദർശൻ തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും താൻ ഏറെ ഇഷ്ട്ടപ്പെടുന്ന സംവിധായകനാണ് കെ.ജി.ജോർജെന്നും വിജയരാഘവൻ പറഞ്ഞു. അവരോടൊപ്പമുള്ള അനുഭവമെല്ലാം മമ്മൂട്ടി പറയുന്നത് കേട്ടിട്ടുണ്ടെന്നും അതെല്ലാം വലിയ നഷ്ടമാണെന്നും വിജയരാഘവൻ പറഞ്ഞു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് കെ.ജി ജോർജ് സാറിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റിയിട്ടില്ല. പ്രിയദർശന്റെ സിനിമയിൽ അഭിനയിച്ചിട്ടില്ല, പത്മരാജൻ സാറിന്റെ സിനിമകൾ ചെയ്യാൻ കഴിഞ്ഞിട്ടില്ല, ഹരിഹരൻ സാർ, ബാലചന്ദ്ര മേനോൻ അങ്ങനെ എനിക്ക് നിരവധിയാളുകളുടെ സിനിമ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതൊക്കെ സിനിമയിൽ ഒരു നഷ്ടമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

സിബി മലയിലിന്റെ ഒരു പടത്തിലെ ഞാൻ അഭിനയിച്ചിട്ടുള്ളൂ. സത്യൻ അന്തിക്കാടിന്റെ രണ്ട് സിനിമകൾ മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളൂ. ഞാൻ കരിയർ തുടങ്ങിയ സമയത്തൊന്നും അവരുടെ സിനിമകളിൽ അഭിനയിച്ചിട്ടില്ല. സത്യം പറഞ്ഞാൽ ഞാൻ ജോഷി, കെ.മധു, ഷാജി കൈലാസ് ഇവരുടെയൊക്കെ സിനിമയിലൂടെയാണ് കൂടുതൽ ചിത്രങ്ങളുടെ ഭാഗമാവുന്നത്.

ശരിക്കും വലിയ നഷ്ടമാണ്. പലരും ജോർജ് സാറിനെ കുറിച്ചൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. മമ്മൂട്ടിയൊക്കെ അവരോടൊപ്പമുള്ള അനുഭവങ്ങൾ പറയുമ്പോൾ എനിക്ക് വലിയ നഷ്ടം തോന്നും. അതൊക്കെ വലിയ കാര്യമല്ലേ. എനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ടമുള്ള സംവിധായകരിൽ ഒരാളാണ് ജോർജ് സാർ. അതുപോലെ ഭരതൻ സാർ.

ജോർജ് സാറിനൊപ്പമെല്ലാം അഭിനയിക്കാൻ നല്ല രാസമാണെന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ അതിനൊന്നും കഴിയാത്തത്‌ വലിയ നഷ്ടം തന്നെയാണ്,’വിജയരാഘവൻ പറയുന്നു.

Content Highlight: Vijayaraghavan About Malayalam Film Directors

We use cookies to give you the best possible experience. Learn more