വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറസാന്നിധ്യമാണ് നടന്‍ വിജയ രാഘവന്‍. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു. 90കളില്‍ നായകനായി നിറഞ്ഞുനിന്ന വിജയരാഘവന്‍ 2000ത്തിന് ശേഷം വില്ലന്‍ വേഷങ്ങളിലൂടെയും ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പൂക്കാലത്തിലെ പ്രകടനത്തിന് ഈ വര്‍ഷത്തെ മികച്ച സ്വഭാവനടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
വിജയരാഘവന്‍ ചെയ്ത വില്ലന്‍ വേഷങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കഥാപാത്രമാണ് രാവണപ്രഭുവിലെ മുണ്ടക്കല്‍ രാജേന്ദ്രന്‍. ചിത്രത്തിലെ പ്രധാനപ്പെട്ട ഫൈറ്റ് സീനിന് മുമ്പ് വിജയരാഘവന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ഇന്നും വൈറലാണ്. ആ ഡയലോഗിന് പിന്നിലെ കഥ പറയുകയാണ് വിജയരാഘവന്‍. സീരിയസായി പറയേണ്ട ഡയലോഗായിരുന്നുവെന്നും എന്നാല്‍ എടുത്തുവന്നപ്പോള്‍ അത് കോമഡിയായി മാറിയെന്നും വിജയരാഘവന്‍ പറഞ്ഞു.
നായകന്റെ കൈയില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട് പോകുമ്പോള്‍ മാസ് ഡയലോഗ് എന്ന രീതിയില്‍ പറയേണ്ട ഡയലോഗായിട്ടാണ് അത് എഴുതിയതെന്ന് വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ സിറ്റുവേഷന്‍ നോക്കുമ്പോള്‍ പലരും കോമഡി ഡയലോഗായി കണ്ടെന്നും ഇന്നും അത് ട്രെന്‍ഡിങ്ങായി നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ ഡയലോഗിന് കൊടുത്ത മോഡുലേഷന്‍ കാരണമാണ് ഇന്നും വ്യത്യസ്തമായി തോന്നുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാവണപ്രഭു എന്ന സിനിമയെപ്പറ്റി പറയുമ്പോള്‍ എല്ലാവരുടെയും മനസില്‍ വരുന്ന ഡയലോഗാണ് ‘നടേശാ കൊല്ലണ്ട’ എന്നുള്ളത്. പലരും അതൊരു കോമഡി ഡയലോഗ് പോലെയാണ് പറയുന്നത്. പക്ഷേ ഷൂട്ടിന്റെ സമയത്ത് സീരിയസായി എഴുതുകയും അതുപോലെ പ്രസന്റ് ചെയ്യണമെന്നും തീരുമാനിച്ച ഡയലോഗായിരുന്നു അത്.
നായകനെപ്പോയി ഭീഷണിപ്പെടുത്തി അയാളുടെ കൈയില്‍ നിന്ന് തല്ല് വാങ്ങി നില്‍ക്കുമ്പോള്‍ രക്ഷിക്കാന്‍ ഗുണ്ടകള്‍ വരികയാണ്. ആ സമയത്ത് സീരിയസായി പറയുകയാണ് ‘നടേശാ കൊല്ലണ്ട’ എന്ന്. പക്ഷേ ആ സൗണ്ട് മോഡുലേഷനും ക്യാരക്ടറിന്റെ അവസ്ഥയും ചേര്‍ത്ത് വായിക്കുമ്പോള്‍ കോമഡിയായി മാറി. ഇന്നും ആ ഡയലോഗ് ട്രെന്‍ഡിങ്ങാണ്,’ വിജയരാഘവന്‍ പറഞ്ഞു.
Content Highlight: Vijayaraghavan about his dialogue in Ravanaprabhu movie