മലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് വിജയരാഘവന്‍. നാടകത്തില്‍ നിന്ന് സിനിമയിലേക്കെത്തിയ വിജയരാഘവന്‍ കരിയറിന്റെ തുടക്കത്തില്‍ സഹനടന്‍ വേഷങ്ങളാണ് കൂടുതലും ചെയ്തത്. പിന്നീട് 90കളില്‍ നായകനായി നിരവധി സിനിമകള്‍ ചെയ്തു. 2000ത്തിന് ശേഷം വില്ലന്‍ കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുകയും പിന്നീട് വീണ്ടും ക്യാരക്ടര്‍ റോളുകളിലേക്ക് മാറുകയും ചെയ്ത വിജയരാഘവനെയാണ് കാണാന്‍ സാധിക്കുന്നത്.
സ്വഭാവ നടന്‍ എന്ന രീതിയിലാണ് അദ്ദേഹം കൂടുതല്‍ ജനപ്രീതി നേടുന്നത്. പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള 2023ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ അശോകനെപ്പറ്റി സംസാരിക്കുകയാണ് വിജയരാഘവന്‍. ആദ്യചിത്രം തന്നെ പദ്മരാജനെപ്പോലെ ഒരു വലിയ സംവിധായകനൊപ്പം ചെയ്യാന്‍ കഴിഞ്ഞ നടനാണ് അശോകന്‍. എന്നാല്‍ അന്ന് പ്രായം കാരണം അശോകന് ദേശീയ അവാര്‍ഡ് നഷ്ടപ്പെടുകയുണ്ടായി.
മലയാളത്തിലെ എല്ലാ വലിയ സംവിധായകരോടൊപ്പവും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞ നടനാണ് അശോകനെന്നും തന്റെ അഭിപ്രായത്തില്‍ അയാള്‍ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ അവാര്‍ഡാണ് അതെന്നും വിജയരാഘവന്‍ പറഞ്ഞു. നാലോ അഞ്ചോ പേരില്‍ നിന്ന് ഒരു നടന്‍ മികച്ചതാണെന്ന് പറയുന്നതിലല്ല വലിയ കാര്യമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ ഇക്കാര്യം പറഞ്ഞത്.
‘അശോകന് എന്തിനാണ് ഇനിയൊരു അവാര്‍ഡ്? മലയാളത്തിലെ പ്രഗത്ഭരായിട്ടുള്ള എല്ലാ സംവിധായകരുടെ കൂടെയും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ഒരേയൊരു നടനാണ് അശോകന്‍. അതിലും വലിയ അവാര്‍ഡ് അയാള്‍ക്ക് വേറെ കിട്ടാനില്ല. മലയാളത്തില്‍ മറ്റൊരു നടനും ഈയൊരു ഭാഗ്യം ലഭിച്ചിട്ടില്ല. അതൊരു വലിയ ഭാഗ്യമായാണ് ഞാന്‍ കണക്കാക്കുന്നത്. ലെജന്‍ഡറിയായിട്ടുള്ള എത്രയോ പേരുടെ കൂടെ അഭിനയിക്കാന്‍ അശോകന് സാധിച്ചു.
നാലോ അഞ്ചോ പേരില്‍ നിന്ന് ഒരാള്‍ മാത്രം മികച്ചത് എന്ന കാര്യത്തിനോട് എനിക്ക് യോജിപ്പില്ല. നാല് പേരും വെവ്വേറെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതില്‍ ഒരാളാണ് മികച്ചതെന്ന് എങ്ങനെ പറയാനാകും? നാല് പേരും ഒരുപോലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെങ്കില്‍ അതില്‍ മികച്ചതായി ചെയ്യുന്ന ഒരാളെ നമുക്ക് തെരഞ്ഞെടുക്കാം,’ വിജയരാഘവന്‍ പറയുന്നു.
Content Highlight: Vijayaraghavan about Ashokan and his movies