| Wednesday, 11th September 2024, 2:49 pm

എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം; അന്ന് ആ നടന്റെ അഭിനയം കണ്ട് അന്തംവിട്ട് ചിരിച്ചു: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്ത് ഹോട്‌സ്റ്റാറിലൂടെ പുറത്തിറങ്ങിയ വെബ് സീരീസായിരുന്നു പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്. നിഖില വിമല്‍ നായികയായി എത്തിയ ഈ സീരീസില്‍ സണ്ണി വെയ്ന്‍, വിജയരാഘവന്‍, അശോകന്‍, അജു വര്‍ഗീസ് ഉള്‍പ്പെടെയുള്ള മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

ഈ സീരീസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു കേമന്‍ സോമന്റേത്. ആ കഥാപാത്രമായി എത്തിയത് നടന്‍ അശോകനായിരുന്നു. ഇപ്പോള്‍ കേമന്‍ സോമനെ കുറിച്ച് പറയുകയാണ് വിജയരാഘവന്‍. സീരീസിന്റെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്റെ കഥാപാത്രത്തേക്കാള്‍ അശോകന്റെ ആ കഥാപാത്രമാണ് ഇഷ്ടമായത് എന്നാണ് അദ്ദേഹം പറയുന്നത്. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘എന്റെ അടുത്ത് അതിന്റെ കഥ വന്ന് പറഞ്ഞപ്പോള്‍ കേമന്‍ സോമന്റെ കഥാപാത്രം ചെയ്യാന്‍ അശോകനെ കണ്ട കാര്യം പറഞ്ഞു. സീരീസിന്റെ ഫുള്‍ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ എന്റെ കഥാപാത്രത്തേക്കാള്‍ അശോകന്റെ ആ കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടമായി. എന്റെ കഥാപാത്രവും എനിക്ക് ഇഷ്ടമായത് തന്നെയാണ്.

കഥ പറഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞ് വിളിച്ചപ്പോള്‍ അവര്‍ അശോകനെ കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഡേറ്റില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് പറഞ്ഞു. അതിന്റെ ഇടയില്‍ വേറെയേതോ സിനിമയോ മറ്റോ വരികയായിരുന്നു.

അന്ന് എങ്ങനെയെങ്കിലും അശോകനെ കൊണ്ട് തന്നെ ആ കഥാപാത്രത്തെ അഭിനയിപ്പിക്കണം എന്നായിരുന്നു ഞാന്‍ അപ്പോള്‍ പറഞ്ഞത്. അശോകന്‍ മാത്രം അഭിനയിക്കേണ്ട ഒരു കഥാപാത്രമായിരുന്നു അത്. ഞാന്‍ അങ്ങനെ ഒരു രണ്ടുമൂന്ന് തവണ അവരോട് അശോകനെ തന്നെ കൊണ്ടുവരുന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു.

വേറെ ആരെയും അന്വേഷിക്കണ്ട, അത് അശോകന്‍ തന്നെ ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. ശരിക്കും പറഞ്ഞാല്‍, ആ സീനില്‍ അഭിനയിക്കുമ്പോഴൊക്കെ ഞാന്‍ അന്തംവിട്ട് ചിരിച്ചിട്ടുണ്ട്. ആ കഥാപാത്രം നമ്മളുടെ മനസില്‍ എങ്ങനെയായിരുന്നോ അതിന്റെ അപ്പുറത്തേക്ക് അശോകന്‍ അതിനെ ചെയ്തു വെച്ചു,’ വിജയരാഘവന്‍ പറഞ്ഞു.


Content Highlight: Vijayaragavan Talks About Ashokan’s Keman Soman Character In Perilloor Premier League

We use cookies to give you the best possible experience. Learn more