| Monday, 23rd September 2024, 12:51 pm

ആ ചിത്രം രണ്ടാമത് കാണുമ്പോൾ മറ്റൊരു അനുഭവമാണ് പ്രേക്ഷകർക്ക് കിട്ടുന്നത്: വിജയരാഘവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് നടൻ വിജയരാഘവൻ. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു.

പൂക്കാലം, ആന്റണി തുടങ്ങി ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന കിഷ്കിന്ധാ കാണ്ഡം എന്നിങ്ങനെ ഈയിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് വിജയരാഘവൻ കാഴ്ചവെച്ചത്.

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം രണ്ടാം വാരത്തിലും ഗംഭീര അഭിപ്രായവുമായി മുന്നേറുകയാണ്. ബാഹുൽ രമേശ് രചന നിർവഹിച്ച ചിത്രം ഈയിടെ മലയാളത്തിൽ ഇറങ്ങിയ മികച്ച തിരക്കഥകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

സിനിമ നന്നാകുമ്പോൾ പലരും വിളിക്കാറുണ്ടെന്നും എന്നാൽ ഇതുവരെ കേൾക്കാത്ത കമന്റുകളാണ് കിഷ്കിന്ധാ കാണ്ഡത്തിന് ലഭിക്കുന്നതെന്ന് വിജയരാഘവൻ പറയുന്നു. രണ്ടാമത് കാണുമ്പോൾ മറ്റൊരു അനുഭവമായി മാറുന്ന ചിത്രമാണ് കിഷ്കിന്ധാ കാണ്ഡമെന്നും വിജയരാഘവൻ പറഞ്ഞു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒറ്റപ്പാലം ഒളപ്പമണ്ണ മനയിലായിരുന്നു ചിത്രീകരണം, മുപ്പതുദിവസത്തിലധികം ഞാൻ ലൊക്കേഷനിലുണ്ടായിരുന്നു. പ്രകൃതിമനോഹരമായ സ്ഥലമായിരുന്നു അത്. ബിഗ് സ്ക്രീനിൽ പ്രദേശത്തിൻ്റെ ഭംഗി പ്രേക്ഷകനു കാണാം.

സിനിമ നന്നാകുമ്പോഴും കഥാപാത്രം ശ്രദ്ധിക്കപ്പെടുമ്പോഴും അഭിനന്ദിക്കാനായി പലരും വിളിക്കാറുണ്ട്, എന്നാൽ, ഈ സിനിമയെക്കുറിച്ചു ചിലർ പറഞ്ഞ കമന്റുകൾ മുൻപ് കേട്ടിട്ടില്ലാത്തതാണ്. അതിൽ പ്രധാനം കിഷ്കിന്ധാകാണ്ഡം എന്ന സിനിമ രണ്ടാംതവണ കാണുമ്പോൾ മറ്റൊരുസിനിമയായി അനുഭവപ്പെടുന്നു എന്നതാണ്.

ആദ്യകാഴ്ചയിൽ അപ്പുപിള്ള എന്ന കഥാപാത്രത്തെ മനസിലാക്കാതെ ദുരൂഹത അന്വേഷിച്ചാണ് പ്രേക്ഷകൻ സിനിമ ആസ്വദിക്കുന്നത്. കഥാപാത്രത്തിന്റെ അവസ്ഥയും അയാൾ പുലർത്തുന്ന ജാഗ്രതയെന്തിനെന്നും മനസിലാക്കിക്കഴിയുമ്പോൾ അപ്പുപിള്ളയുടെ മാനസികാവസ്ഥയിൽ, കഥയിലൂടെ സഞ്ചരിക്കാനും അയാളെ സ്നേഹിക്കാനും കാഴ്ചക്കാരന് കഴിയും. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ലഭിക്കുന്ന നല്ല വാക്കുകൾക്ക് നന്ദി,’വിജയരാഘവൻ പറയുന്നു.

Content Highlight: Vijayaragavan Talk About His Character In Kishkinda Kandam

Latest Stories

We use cookies to give you the best possible experience. Learn more