| Saturday, 8th April 2023, 7:16 pm

എന്റെ പൊന്ന് കുഞ്ഞേ നീ കമല്‍ ഹാസനാകേണ്ട എന്ന് പറഞ്ഞു, ശരിക്കും ഞാന്‍ ദ്രവിച്ചുപോയി: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അച്ഛനൊപ്പം നാടകത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ വിജയരാഘവന്‍. തന്റെ അഭിനയം കണ്ട് കമല്‍ഹാസനാകാന്‍ നോക്കണ്ടെന്നും നടന്മാര്‍ ആരെയും അനുകരിക്കാന്‍ പാടില്ലെന്നും അച്ഛന്‍ തന്നോട് പറഞ്ഞുവെന്നും വിജയരാഘവന്‍ പറഞ്ഞു.

താന്‍ കമല്‍ ഹാസന്റെ വലിയ ആരാധകനാണെന്നും എന്നാല്‍ ഒരിക്കലും അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സില്ലി മോംഗ്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്, നമ്മള്‍ ഒരിക്കലും ഒരു നടനെ അനുകരിക്കരുതെന്ന്. പ്രത്യേകിച്ച് ഒരു നടന്‍. ഞാന്‍ കമല്‍ ഹാസന്റെ വലിയ ഫാനായിരുന്നു. ആ കാലത്ത് ഞാനൊരു നാടകത്തില്‍ അഭിനയിച്ചിരുന്നു. റഷ്യയിലൊക്കെ പോയി പഠിച്ച ജോണ്‍സന്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. അയാളുടെ അച്ഛന്‍ ഒരു കോണ്‍ട്രാക്ടറായിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്റെ അച്ഛനും.

ഒരു പ്രത്യേക സാഹചര്യത്തില്‍ അച്ഛനും മകനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. മകന്‍ റഷ്യയിലൊക്കെ പഠിച്ചത് കൊണ്ട് ആശയപരമായ വ്യത്യാസങ്ങളുണ്ടാകുമല്ലോ. അവന്‍ അവിടെ കണ്ട കമ്മ്യൂണിസവുമായിട്ടാണ് ഇവിടേക്ക് വരുന്നത്. അവിടുത്തെ കമ്മ്യൂണിസമല്ലല്ലോ കേരളത്തിലേത്. ഇത്തരത്തിലുള്ള കുറേ നിമിഷങ്ങളെയാണ് നാടകത്തില്‍ കാണിക്കുന്നത്.

സ്‌റ്റൈലിഷായിട്ടുള്ള മോഡേണ്‍ ഔട്ട് ലുക്കുള്ള കമ്മ്യൂണിസ്റ്റാണ് അയാള്‍. അതിന്റെ റിഹേഴ്‌സലൊക്കെ നടക്കുമ്പോള്‍ ഞാന്‍ വേദിയിലേക്ക് കയറി ചെന്നു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു, നീ ജോണ്‍സനായിട്ട് വരാന്‍. ആദ്യ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി, പാന്റൊക്കെയിട്ട് കുറച്ച് നന്നായി ചെയ്യാമെന്ന്. ഞാന്‍ അങ്ങനെ പാന്റൊക്കെയിട്ട് ആത്മവിശ്വാസത്തോടെ കയറി വന്നു. അത് കണ്ടപ്പോള്‍ അച്ഛന്‍ വീണ്ടും പറഞ്ഞു, കുട്ടാ നീ ജോണ്‍സനായി കയറിവരാന്‍.

അപ്പോള്‍ ഡയലോഗ് പറയണ്ടേന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. ഡയലോഗ് ഒന്നും കാര്യമില്ല നിനക്ക് തോന്നുന്നത് പോലെ പറഞ്ഞാല്‍ മതിയെന്നാണ് അച്ഛന്‍ പറഞ്ഞത്. അങ്ങനെയാണ് പുള്ളി നമുക്ക് പരിശീലനം നല്‍കിയത്. വീണ്ടും ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു, എന്റെ പൊന്ന് കുഞ്ഞേ നീ കമല്‍ഹാസനാകേണ്ടെന്ന്. ശരിക്കും ഞാന്‍ ദ്രവിച്ചുപോയി.

ഞാന്‍ അന്ന് കമല്‍ഹാസനാകാനൊന്നും ശ്രമിച്ചിട്ടില്ല. പിന്നെ എന്തിനാണ് അച്ഛന്‍ അദ്ദേഹവുമയി എന്നെ താരതമ്യം ചെയ്യുന്നതെന്ന് ഓര്‍ത്ത് എനിക്ക് വിഷമം വന്നു. ഞാന്‍ അവിടെ നിന്ന് എന്റെ സങ്കടമൊക്കെ പറഞ്ഞു. ഇവിടെ നിന്നും മാറി നില്‍ക്ക് അടുത്ത സീനെടുക്കാമെന്ന് അച്ഛന്‍ അപ്പോള്‍ പറഞ്ഞു,’ വിജയരാഘവന്‍ പറഞ്ഞു.

content highlight: vijayaragavan share funny experience with his father

We use cookies to give you the best possible experience. Learn more