ലീഗ് നേതാക്കളെ കണ്ടതിലെ രാഷ്ട്രീയ വിമര്‍ശനമാണ് നടത്തിയത്; വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി എ.വിജയരാഘവന്‍
Kerala News
ലീഗ് നേതാക്കളെ കണ്ടതിലെ രാഷ്ട്രീയ വിമര്‍ശനമാണ് നടത്തിയത്; വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി എ.വിജയരാഘവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2019, 1:56 pm

കോഴിക്കോട്: ആലത്തൂരിലെ നിയുക്ത എം.പി രമ്യഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. മുസ്ലീം ലീഗ് നേതാക്കളെ കണ്ടതിലെ രാഷ്ട്രീയ വിമര്‍ശനം നടത്തുക മാത്രമാണ് നടത്തിയതെന്ന് വിജയരാഘവന്‍ പറഞ്ഞു.

വ്യക്തിപരമായ വിമര്‍ശനം നടത്തിയിട്ടില്ലെന്നും മാധ്യമങ്ങള്‍ തന്റെ പരാമര്‍ശത്തെ എല്‍.ഡി.എഫിനെതിരായി ഉപയോഗിച്ചുവെന്നും വിജയരാഘവന്‍ ആരോപിച്ചു. രമ്യക്കെതിരായ വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വിജയരാഘവന്‍ രംഗത്തെത്തിയത്.

നേരത്തെ വിജയരാഘവനെതിരായ പരാതിയില്‍ തനിക്കു വനിതാ കമ്മീഷനില്‍ നിന്നു നീതി ലഭിച്ചില്ലെന്ന് രമ്യാ ഹരിദാസ് പറഞ്ഞിരുന്നു. യു.ഡി.എഫ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പരാതിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി. മനോരമ ന്യൂസിന്റെ ‘നേരെ ചൊവ്വേ’യിലായിരുന്നു രമ്യ ഇക്കാര്യം പറഞ്ഞത്.

രമ്യക്കെതിരെ എ.വിജയരാഘവന്‍ മോശം പരാമര്‍ശം നടത്തിയത് നേരത്തെ വന്‍ വിവാദമായിരുന്നു.’ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്.’- എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.

ആലത്തൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ തോല്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രമ്യയെ അധിക്ഷേപിച്ചുകൊണ്ടുള്ള വിജയരാഘവന്റെ പ്രസ്താവനയും ദീപാ നിശാന്തിന്റെ പോസ്റ്റും വലിയ ചര്‍ച്ചയായിരുന്നു. രമ്യയുടെ വിജയത്തില്‍ ദീപാ നിശാന്തിനും വിജയരാഘവനും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിരുന്നു. വിജയത്തില്‍ രമ്യ വിജയരാഘവനോടും ദീപയോടും കടപ്പെട്ടിരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എന്‍ കാരശ്ശേരിയും പറഞ്ഞിരുന്നു.

ഇത്തവണ കേരളത്തില്‍ നിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക വനിതയും, ഇതുവരെ കേരളത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ദളിത് വനിതയുമാണ് രമ്യ. 1971-ല്‍ അടൂരില്‍ നിന്നു ലോക്സഭയിലെത്തിയ ഭാര്‍ഗവി തങ്കപ്പനാണ് കേരളത്തിലെ ആദ്യ ദളിത് വനിതാ എം.പി.