എനിക്ക് ഫൈറ്റ് ചെയ്യാന്‍ മടിയായിരുന്നു; അതുകൊണ്ടാണ് സിനിമയില്‍ അങ്ങനൊരു കഥാപാത്രം ചെയ്തത്: വിജയരാഘവന്‍
Entertainment news
എനിക്ക് ഫൈറ്റ് ചെയ്യാന്‍ മടിയായിരുന്നു; അതുകൊണ്ടാണ് സിനിമയില്‍ അങ്ങനൊരു കഥാപാത്രം ചെയ്തത്: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th April 2023, 8:02 pm

ജോണി ആന്റണി സംവിധാനം ചെയ്ത ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്ന സിനിമയിലെ ചെട്ടിയാര്‍ വേഷം വിജയരാഘവന്റെ കരിയറിലെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു. അതിലെ മുഖം ഒരു വശത്ത് ചെരിഞ്ഞ് നില്‍ക്കുന്ന് ഫീച്ചര്‍ തന്റെ നിര്‍ദേശ പ്രകാരമായിരുന്നു എന്ന് പറയുകയാണ് താരം.

ആദ്യം സിനിമയില്‍ ഇങ്ങനൊരു ഫീച്ചറില്ലായിരുന്നുവെന്നും വില്ലന്‍ അല്ലേ അപ്പോള്‍ മുഖത്ത് ഇപ്പോള്‍ സിനിമയിലുള്ള മാറ്റങ്ങള്‍ വേണമെന്ന് ജോണി ആന്റണിയോട് പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉടനെ സംവിധായകന്‍ അത് സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ചെട്ടിയാര്‍ക്ക് ആദ്യം മുഖത്തൊന്നും ഉണ്ടായിരുന്നില്ല. ഒരു പണക്കാരന്‍ ചെട്ടിയാര്‍ മാത്രമായിരുന്നു. ഞാന്‍ ജോണിയോട് സൈഡില്‍ ഇപ്പോള്‍ ഉള്ളത് പോലെ വേണമെന്ന് പറഞ്ഞു.

മെയിന്റെയ്ന്‍ ചെയ്യാന്‍ പറ്റുമോയെന്ന് ജോണി ചോദിച്ചു. അങ്ങനെയാണ് മെയിന്റെയ്ന്‍ ചെയ്ത് അഭിനയിച്ചത്.

അതില്‍ ഒരു രസമുണ്ട്. ഞാന്‍ ചെട്ടിയാര്‍ ആയിട്ട് അഭിനയിച്ച് കഴിഞ്ഞ് ക്ലൈമാക്‌സില്‍ ഷിപ്പില്‍ വെച്ച് അടിയുണ്ടാക്കുന്ന സീനുണ്ടായിരുന്നു. ദിലീപും ആള്‍ക്കാരും വന്ന് അടിക്കുന്നു, ഇടിക്കുന്നു.

അതിന്റെ ഇടയില്‍ ഞാനിങ്ങനെ നടന്ന് പോകുമ്പോള്‍ ഫൈറ്റ് മാസ്റ്റര്‍ പറഞ്ഞു, നീ വില്ലനല്ലെ, അവര്‍ക്ക് ഒരു പഞ്ച് കൊടുക്കണമെന്ന്.

അപ്പോള്‍ ജോണി പറഞ്ഞു, കുട്ടേട്ടാ നമുക്ക് പഞ്ച് കൊടുക്കണമെന്ന്. ഇത് വെച്ചോണ്ട് പഞ്ച് ചെയ്യാന്‍ പറ്റുമോയെന്ന് ഞാനും ചോദിച്ചു.

ഞാന്‍ പറഞ്ഞു, എത്ര അടി വേണമെങ്കിലും കൊള്ളാം, പക്ഷേ എനിക്ക് അടിക്കാന്‍ പറ്റില്ലെന്ന്, ഈ മേലാത്തൊരാള്‍ എങ്ങനെയാണ് അടിക്കുകയെന്ന്. സത്യം പറഞ്ഞാല്‍ എന്റെ ഉള്ളില്‍ ഫൈറ്റ് ചെയ്യാന്‍ മടിയുണ്ടായിരുന്നു.

ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ജോണിയോട് പറഞ്ഞു, വില്ലനല്ലേ അവസാനം ഫൈറ്റില്‍ എന്നെ കൊണ്ട് അടിപ്പിക്കുമെന്ന് അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് ഒരു വശം തളര്‍ത്തിയതെന്നും. ഇപ്പോഴും ജോണി എന്നോട് പറയും, നിങ്ങള്‍ ഭയങ്കര റൂഡ് ആയിട്ടുള്ള മനുഷ്യനാണെന്ന്,’ വിജയരാഘവന്‍ പറഞ്ഞു.

ഗണേശ് രാജ് സംവിധാനം ചെയ്യുന്ന പൂക്കാലമാണ് വിജയരാഘവന്റെ പുതിയ സിനിമ. ചിത്രത്തില്‍ ഇട്ടൂപ്പ് എന്ന വയോധികന്റെ വേഷത്തിലാണ് വിജയരാഘവനെത്തുന്നത്.

content highlight: vijayaragavan about his lazyness in fight scene