ലാലിന്റെ ഇറക്കം കൂടിയ ഷർട്ട് ആ കഥാപാത്രത്തിനായി ഞാൻ ഊരിവാങ്ങി: വിജയരാഘവൻ
Entertainment
ലാലിന്റെ ഇറക്കം കൂടിയ ഷർട്ട് ആ കഥാപാത്രത്തിനായി ഞാൻ ഊരിവാങ്ങി: വിജയരാഘവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th October 2024, 8:53 am

വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് നടൻ വിജയരാഘവൻ. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു. മലയാളത്തിന്റെ നാടകാചാര്യന്മാരിൽ ഒരാളായ എൻ. എൻ. പിള്ളയുടെ മകനാണ് വിജയ രാഘവൻ.

പൂക്കാലം, ആന്റണി തുടങ്ങി ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന കിഷ്കിന്ധാ കാണ്ഡം എന്നിങ്ങനെ ഈയിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് വിജയരാഘവൻ കാഴ്ചവെച്ചത്.

ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രമാണ് റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലെ റാംജിറാവു. സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവൻ.

ആ കഥാപാത്രം തനിക്ക് പറ്റുന്നതായി ആദ്യം തോന്നിയില്ലെന്നും ആ വില്ലനാവാനുള്ള ശരീരം തനിക്ക് ഇല്ലായിരുന്നുവെന്നും വിജയരാഘവൻ പറയുന്നു. ജെല്ലൊന്നും ഇല്ലാത്തതിനാൽ മുട്ടയുടെ വെള്ള തേച്ചാണ് അന്ന് മുടി അങ്ങനെ നിർത്തിയതെന്നും സംവിധായകൻ ലാലിന്റേയും ക്യാമറമാൻ വേണുവിന്റെയും വസ്ത്രമാണ് താൻ കഥാപാത്രത്തിനായി ഉപയോഗിച്ചതെന്നും വിജയ രാഘവൻ പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റാംജിറാവു എന്ന കഥാപാത്രത്തിനായി സിദ്ദിഖ് – ലാൽ എന്നെ വിളിച്ചപ്പോൾ ആ കഥാപാത്രം എനിക്ക് പറ്റുന്നതല്ലെന്ന് തോന്നി. ആ പേര് കേൾക്കുമ്പോൾ എൻ്റെ മനസിൽ വന്ന രൂപം ആജാനുബാഹുവായ ഒരു വില്ലന്റേതാണ്. എനിക്ക് അതിനൊത്ത ശരീരമില്ല. എന്നാൽ ഞാൻ തന്നെ ചെയ്യണമെന്ന് അവർ പറഞ്ഞു.

റാംജിറാവാകാൻ കാറോടിച്ചാണ് ഞാൻ ആലപ്പുഴയിലേക്ക് തിരിച്ചത്. ആ യാത്രയിൽ കഥാപാത്രം എങ്ങനെ വേണമെന്ന് ആലോചിച്ചു. ജെല്ലൊന്നുമില്ലാത്ത കാലമായതിനാൽ മുട്ടവെള്ള തേച്ച് മുടി പിറകിലോട്ട് ചീകിവെച്ചു. മുഖത്തിന് വലുപ്പം കൂട്ടാനായി മുൻവശത്തെ മുടി ഷേവ് ചെയ്‌ത് നെറ്റി വലുതാക്കി.

മീശയും കൃതാവും താഴോട്ടിറക്കാൻ മേക്കപ്പ്മാനോട് ആവശ്യപ്പെട്ടു. കഥാപാത്രത്തിന് ചേരുന്ന വസ്ത്രം ഏതുവേണമെന്ന് നോക്കിയപ്പോൾ സംവിധായകൻ ലാൽ ധരിച്ച ഇറക്കംകൂടിയ രണ്ടുപോക്കറ്റുള്ള ഷർട്ടും ക്യാമറാമാൻ വേണു ധരിച്ച പുത്തൻമോഡലിലുള്ള ജീൻസ് പാന്റും ശ്രദ്ധയിൽപ്പെട്ടു. അതുരണ്ടും ഊരിവാങ്ങി ധരിച്ചു. അടുത്തുള്ള സൈക്കിൾ വർക്ക് ഷോപ്പിൽനിന്ന് ഒരു ചങ്ങല വാങ്ങി അരയിലും കെട്ടി. ഓരോ ഷോട്ടിലും കണ്ണ് ചുവന്നിരിക്കാനായി അല്പം ഗ്ലിസറിനും ഉപയോഗിച്ചു.

അതുപോലെ ‘പൂക്കാലം’ ചെയ്യുന്ന സമയത്ത് ഏറെ പ്രായമായ ഒരാളെ വഴിയിൽവെച്ചുകണ്ടു. അയാളുടെ ഇടതുകൈയിലെ ചൂണ്ടുവിരൽ വിറയ്ക്കുന്നുണ്ട്. അതിൻ്റെ കാരണം ഞാൻ സുഹൃത്തായ ഡോക്ടറോട് അന്വേഷിച്ചു. ആ മാനറിസം ഇട്ടൂപ്പിലേക്ക് കൊണ്ടുവന്നു. അത്തരം തോന്നലുകളാണ് കഥാപാത്രത്തെ രൂപപ്പെടുത്തുന്നത്,’വിജയരാഘവൻ പറയുന്നു.

 

Content Highlight: Vijayaragahavan About Ramjiravu Speaking Movie Character