| Thursday, 3rd October 2024, 8:35 am

ആ മമ്മൂട്ടി ചിത്രത്തിന് ശേഷം ഇപ്പോഴും സ്ത്രീകളെന്നെ വില്ലനായി കാണുന്നു; എന്റെ സ്വഭാവത്തില്‍ സംശയിക്കുന്നു: വിജയന്‍ വി. നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച് 2009ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ചിത്രമായിരുന്നു പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ. ടി.പി. രാജീവന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി എത്തിയ ചിത്രം ഇപ്പോള്‍ റീ റിലീസിന് ഒരുങ്ങുകയാണ്.

കേരളത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കൊലപാതക കേസിന്റെ യഥാര്‍ത്ഥ കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടിയും ശ്വേത മേനോനും മൈഥിലിയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി മൂന്ന് വേഷങ്ങളില്‍ എത്തിയ ചിത്ര കൂടിയായിരുന്നു പാലേരി മാണിക്യം.

ഈ സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു കുന്നുമ്മല്‍ വേലായുധന്‍. നടന്‍ വിജയന്‍ വി. നായറായിരുന്നു ഈ കഥാപാത്രമായി എത്തിയത്. ഇപ്പോള്‍ തന്റെ കഥാപാത്രം ഒരുപാട് പവര്‍ഫുള്ളായിരുന്നുവെന്ന് പറയുകയാണ് നടന്‍. വണ്‍ ടു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയന്‍ വി. നായര്‍.

‘എന്നെ കാണുമ്പോള്‍ കുന്നുമ്മല്‍ വേലായുധന്‍ ചെയ്ത കാര്യങ്ങള്‍ ഓര്‍മ വരാം. പക്ഷെ ഞാന്‍ ജീവിതത്തില്‍ അങ്ങനെയുള്ള ഒരാളല്ല. അഭിനയിക്കുമ്പോള്‍ നമ്മള്‍ ആ കഥാപാത്രമായി മാറിയേ പറ്റുള്ളൂ. ആ മാറ്റം കൂടി പോയെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.

ആ സിനിമക്ക് ശേഷം വീട്ടില്‍ പോയപ്പോള്‍ അവര് പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. പണ്ട് ഞാന്‍ കുറേ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. കായംകുളം കൊച്ചുണ്ണിയില്‍ ഒന്നര കൊല്ലം അഭിനയിച്ചു. ആ സീരിയലില്‍ ഞാന്‍ വില്ലനായിരുന്നു. പാലേരി മാണിക്യത്തിലും ഞാന്‍ ഒരു വില്ലന്‍ തന്നെയാണ്.

അതുകൊണ്ട് തന്നെ പൊതുവെ പ്രേക്ഷകരില്‍, പ്രത്യേകിച്ചും സ്ത്രീ ജനങ്ങള്‍ക്കിടയില്‍ എന്റെ സ്വഭാവം അതാണോ എന്ന സംശയമുണ്ട്. ഞാന്‍ യഥാര്‍ത്ഥത്തില്‍ ഒരു വില്ലനാണോ എന്ന് പലരും സംശയിച്ചു. ആ ദൃഷ്ടിയോട് കൂടെയാണ് പലപ്പോഴും എന്നെ കണ്ടിട്ടുള്ളത്. ഇപ്പോഴും അങ്ങനെ തന്നെയാണ് കാണുന്നത്.

പാലേരി മാണിക്യത്തിന് ശേഷം ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തു. പക്ഷെ ഇപ്പോഴും ആളുകള്‍ എന്നെ കാണുന്നത് കുന്നുമ്മല്‍ വേലായുധനായാണ്. ഞാന്‍ അറിയപ്പെടുന്നതും അങ്ങനെയാണ്. അത്രയും പവര്‍ഫുള്ളായ കഥാപാത്രമായിരുന്നു അത്,’ വിജയന്‍ വി. നായര്‍ പറഞ്ഞു.


Content Highlight: Vijayan V Nair Talks About Paleri Manikyam Movie

We use cookies to give you the best possible experience. Learn more