| Tuesday, 30th July 2024, 6:37 pm

എന്റെ അമ്മ മണ്ണിനടിയിലേക്ക്‌ പോയി, അനുജത്തി ഒഴുകിപ്പോയി; ഉരുള്‍പൊട്ടലില്‍ രക്ഷപ്പെട്ട വിജയന്‍ പറയുന്നു!

സ്പോര്‍ട്സ് ഡെസ്‌ക്

മേപ്പാടി: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്ലില്‍ മരണം 100 കടന്നിരിക്കുകാണ്. 34 പോരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 98 ആളുകളെ കാണാനില്ലെന്നും 128 പേര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആദ്യ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. തുടര്‍ന്ന് 4.10ന് രണ്ടാമത്തെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ദുരന്തില്‍ രക്ഷപെട്ടവരെ മേപ്പാടി ആശുപത്രിയിലാണ് എത്തിച്ചത്.

ദുരന്തത്തില്‍ രക്ഷപ്പെട്ട വിജയന് സ്വന്തം അമ്മയേയും അനുജത്തിയേയും കണ്‍മുന്നിലാണ് നഷ്ടപ്പെട്ടത്.

‘ഒന്നൊന്നരയായപ്പോള്‍ വലിയ ഒച്ചയായിരുന്നു, വാതില്‍ തുറന്നപ്പോള്‍ വല്ലാത്ത മണമായിരുന്നു! പോസ്റ്റുകളെല്ലാം വീഴുന്നുണ്ടായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അടുത്തവീട്ടിലുള്ള സുജാത കരയുന്നത് കേട്ട് ഞാനും അയല്‍വാസികളും അങ്ങോട്ട് പോയി. അവരെ ഞങ്ങള്‍ മുകളിലേക്ക് കൊണ്ടുപോയി. ഒരു വീട്ടില്‍ സരോജിനിയെന്ന സ്ത്രീ കരയുന്നു, അവരെ കോടാലിയെടുത്ത് വാതില്‍ പൊളിച്ച് മുകളില്‍ കയറ്റി.

പിന്നെ റജിയും കൂടെയുള്ള പ്രായമായവരെയും ഉള്‍പ്പെടെ എട്ട് പേരെയും മുകളില്‍ ആക്കി. എന്റെ അച്ചനും അമ്മയും അനുജത്തിയും അനുജത്തിയുടെ മകളും താഴെയായിരുന്നു. അവരുടെ അടുത്തേക്ക് പോകുമ്പോള്‍ അടുത്ത ഉരുള്‍ പൊട്ടി, വലിയ ശബ്ദമായിരുന്നു. ഒരു ചേട്ടന്റെ വീട്ടില്‍ എന്റെ കുടുംബമടക്കം പത്ത് പതിനെട്ട് പേരുണ്ടായിരുന്നു. പിന്നെ അവിടെ കുലുക്കവും ഒരു സൈഡിലൂടെ വെള്ളം ഒഴുകിവരുന്നു, കാറ് ഒലിച്ചുപോകുന്നു, ആളുകളുടെ ബോഡി പോകുന്നു…മുഴുവന്‍ ഇരുട്ടായിരുന്നു, ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഉള്ള സ്ഥലം ചളി നിറഞ്ഞ് പൊന്താന്‍ തുടങ്ങി. ഓരോരുത്തര്‍ അടുത്ത സോഫയില്‍ ചവിട്ടി ജനലില്‍ പിടിച്ചു, പക്ഷെ കുറച്ച് പേര്‍ ഒഴുകിപ്പോയി, എന്റെ അമ്മ മണ്ണില്‍ താഴുന്നു പോയി അനുജത്തി ഒഴുകിപ്പോയി, എനിക്ക് പിടിവിടാനും കഴിഞ്ഞില്ല. ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല…ആ മുറിയില്‍ ഞങ്ങള്‍ മാത്രമായിരുന്നു,’ രക്ഷപ്പെട്ട വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേ സമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ മാര്‍ഗങ്ങളെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സേനാവിഭാഗങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: Vijayan Talking About Landslide

We use cookies to give you the best possible experience. Learn more