| Friday, 19th November 2021, 1:08 pm

ചായക്കട നടത്തി ലോകം ചുറ്റിയ കൊച്ചിക്കാരന്‍ വിജയന്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ചായക്കട നടത്തി അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ലോകസഞ്ചാരം നടത്തിയിരുന്ന വിജയന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കൊച്ചിയില്‍ ശ്രീബാലാജി കോഫി ഹൗസ് എന്ന പേരില്‍ നടത്തിയിരുന്ന ചായക്കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് യാത്രകള്‍ നടത്തുന്ന വിജയന്റേയും ഭാര്യ മോഹനയുടേയും വാര്‍ത്ത വലിയ പ്രാധാന്യം നേടിയിരുന്നു. പതിനാറ് വര്‍ഷത്തിനിടെ 26 രാജ്യങ്ങളായിരുന്നു ഇവര്‍ സന്ദര്‍ശിച്ചത്.

ചായക്കടയിലെ ചെറിയ വരുമാനത്തില്‍ നിന്ന് ദിവസവും 300 രൂപ മാറ്റിവെച്ചായിരുന്നു യാത്രക്കായുള്ള ചെലവ് കണ്ടെത്തിയിരുന്നത്. കൊവിഡ് ലോക്ക്ഡൗണിന് ശേഷം റഷ്യയിലേക്കായിരുന്നു ഇവരുടെ അവസാന യാത്ര.

പിതാവിനൊപ്പം ചെറുപ്പത്തില്‍ നടത്തിയിട്ടുള്ള യാത്രകളായിരുന്നു വിജയന് പ്രചോദനമായത്. 2007ലായിരുന്നു ഇവരുടെ ആദ്യവിദേശ യാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം.

1988ല്‍ ഹിമാലയന്‍ സന്ദര്‍ശം. 2007ന് ശേഷം, അമേരിക്ക, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ വിജയനും മോഹനയും ചേര്‍ന്ന് സന്ദര്‍ശിച്ചു.

വിജയന്‍ മോഹന ദമ്പതികളെക്കാണാന്‍ കഴിഞ്ഞ മാസം മന്ത്രി മുഹമ്മദ് റിയാസ് എത്തിയിരുന്നു. എറണാകുളം കടവന്ത്രയിലെ കൊച്ചുചായക്കടയിലെത്തിയ മന്ത്രി പ്രഭാത ഭക്ഷണവും കഴിച്ചായിരുന്നു അന്ന് മടങ്ങിയത്.

വിജയന്‍ മോഹന ദമ്പതികളുടെ കഥ കൊച്ചിക്കാര്‍ക്ക് സുപരിചിതമാണെങ്കിലും മന്ത്രി ആദ്യമായാണ് ഇവരെക്കാണാനെത്തിയത്. കഥകളേറെ പറയാനുണ്ടായിരുന്ന ഇവരുമായി ഏറെ സംസാരിച്ച മന്ത്രി അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളാ ടൂറിസത്തില്‍ എന്തുമാറ്റമാണ് ഉണ്ടാകേണ്ടതെന്ന് വിജയനോട് ചോദിച്ചറിയുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more