| Thursday, 29th February 2024, 6:24 pm

മഞ്ഞുമ്മല്‍ ബോയ്‌സിലെ ആ ഒരു സീനിന് വേണ്ടി അവരെല്ലാം 12 മണിക്കൂറോളം വെള്ളത്തില്‍ കിടന്നു: വിജയമുത്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.

സംവിധായകന്‍ ഖാലിദ് റഹ്‌മാനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിനിമയില്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, ലോക്കല്‍ ഗൈഡ് എന്നീ വേഷങ്ങളില്‍ എത്തിയിരുന്നത് തമിഴ് താരങ്ങളായിരുന്നു.

ആ സിനിമയില്‍ പൊലീസ് സ്റ്റേഷനിലെത്തുന്ന താരങ്ങളെ തല്ലുന്ന ഇന്‍സ്പെക്ടറായി അഭിനയിച്ചത് വിജയമുത്തുവെന്ന തമിഴ് നടനാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ സീനിനെ കുറിച്ച് പറയുകയാണ് വിജയമുത്തു.

കേവിനുള്ളിലുള്ള സീന്‍ ഒരുപാട് റിസ്‌ക്കുള്ളതായിരുന്നെന്നും അതിനുള്ളില്‍ താരങ്ങള്‍ വെള്ളത്തില്‍ കിടക്കുന്ന സീന്‍ 12 മണിക്കൂറോളം സമയമെടുത്താണ് ഷൂട്ട് ചെയ്തതെന്നുമാണ് വിജയമുത്തു പറയുന്നത്.

ക്യാമറ തങ്ങളെ ഫോക്കസ് ചെയ്യുന്നില്ലെങ്കില്‍ പോലും എല്ലാ ആക്ടേഴ്‌സും അവിടെ തന്നെ കിടക്കുകയായിരുന്നുവെന്നും ആര്‍ക്കും ആ സമയം വിശ്രമിക്കാന്‍ സമയം കൊടുത്തിരുന്നില്ലെന്നും താരം പറഞ്ഞു.

‘അതില്‍ കേവിന്റെ ഉള്ളിലുള്ള സീന്‍ ഒരുപാട് റിസ്‌ക്കുള്ളതായിരുന്നു. കേവിന്റെ ഉള്ളില്‍ വെള്ളത്തില്‍ കിടക്കുന്ന സീന്‍ 12 മണിക്കൂറോളം സമയമെടുത്താണ് ഷൂട്ട് ചെയ്തത്. ക്യാമറ എവിടെ ഫോക്കസ് ചെയ്യുകയാണെങ്കിലും എല്ലാ ആക്ടേഴ്‌സും അവിടെ തന്നെ വേണമായിരുന്നു.

ആര്‍ക്കും ആ സമയം റിലാക്‌സ് ചെയ്യാന്‍ സമയം കൊടുത്തിരുന്നില്ല. പിന്നെ ആ സമയത്തുള്ള മൂഡ് അങ്ങനെയായിരുന്നു. പടത്തില്‍ അഭിനയിക്കുകയാണെന്ന തോന്നല്‍ ഉണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഒരാളെ രക്ഷിക്കാന്‍ വേണ്ടി കിടക്കുന്ന പോലെയായിരുന്നു ആ സീന്‍,’ വിജയമുത്തു പറഞ്ഞു.


Content Highlight: Vijayamuthu Talks About Manjummel Boys Cave Scene

We use cookies to give you the best possible experience. Learn more