| Tuesday, 4th July 2023, 4:29 pm

മകളുടെ വീട്ടിൽ അതിക്രമിച്ചുകയറി നടൻ വിജയകുമാർ, വിഡിയോയുമായി മകൾ അർഥന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടൻ വിജയ കുമാർ വീട്ടിൽ കയറി ഭീഷണി മുഴക്കിയെന്ന് മകൾ അർത്ഥന. മതിൽ ചാടി പുറത്തേക്ക് പോകുന്ന വിജയ കുമാറിന്റെ വീഡിയോയും ഒപ്പം കാര്യങ്ങൾ വിവരിക്കുന്ന കാപ്‌ഷനും അർത്ഥന സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. വാതിൽ പൂട്ടിയിരുന്നതിനാൽ തുറന്ന് കിടന്ന ജനാല വഴിയാണ് വിജയകുമാർ ഭീഷണി മുഴക്കിയത്.

താൻ സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയില്ലെങ്കിൽ ഏതറ്റം വരെ പോകുമെന്നും താൻ പറയുന്ന സിനിമയിൽ മാത്രം അഭിനയിച്ചാൽ മതിയെന്നും വിജയ കുമാർ പറഞ്ഞതായി അർത്ഥന സോഷ്യൽ മീഡിയയിൽ കുറിച്ചു.

സഹോദരിയെയും മുത്തശ്ശിയേയും കൊല്ലുമെന്ന് പറഞ്ഞതിനെത്തുടർന്നാണ് അർത്ഥന വിജയ കുമാറിനോട് സംസാരിച്ചത്. ഇപ്പോൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ ടീമിനെയും വിജയ കുമാർ ചീത്ത വിളിച്ചതായി അർത്ഥന കുറിച്ചിട്ടുണ്ട്.

തന്റെ മാതാപിതാക്കൾ നിയമ പരമായി ബന്ധം വേർപെടുത്തിയതാണെന്നും ഇപ്പോൾ താനും സഹോദരിയും അമ്മയും മുത്തശ്ശിയോടൊപ്പമാണ് താമസിക്കുന്നതെന്ന് അർത്ഥന കുറിച്ചു. പലപ്പോഴായി വിജയകുമാർ വീട്ടിൽ വന്ന് വഴക്കുണ്ടാക്കാറുണ്ടെന്നും പരാതിപ്പെട്ടിട്ട് നടപടികൾ ഒന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും അർത്ഥന കൂട്ടിച്ചേർത്തു. അമ്മയുടെ ജോലി സ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും കലഹം സൃഷ്ടിച്ചതിനെ തുടർന്നാണ് കേസ് കൊടുത്തത്.

പോസ്റ്റിന്റെ പൂർണ രൂപം :

‘ഏകദേശം 9 .45 മുതൽ ഞങ്ങൾ പോലീസിന്റെ സഹായത്തിനായി വിളിച്ചിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിന്റെ തുടർന്നാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. മലയാള സിനിമയിലെ നടൻ ആയ എന്റെ പിതാവ് വിജയ കുമാറാണ് മുകളിൽ നൽകിയിട്ടുള്ള വീഡിയോയിൽ ഉള്ളത്. പത്തുവർഷം മുതൽ എനിക്കും, അമ്മയ്ക്കും, അനിയത്തിക്കുമുള്ള പ്രൊട്ടക്ഷൻ ഓർഡർ നിലനിൽക്കെ ഞങ്ങളുടെ വീട്ടിൽ അദ്ദേഹം അതിക്രമിച്ച് കടക്കുന്ന രംഗമാണ് വീഡിയോയിൽ ഉള്ളത്.

എന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹമോചനം നേടിയവരാണ്. ഞാനും എന്റെ അമ്മയും സഹോദരിയും 85 വയസ്സിനു മുകളിലുള്ള എന്റെ മുത്തശ്ശിയോടൊപ്പമാണ് താമസിക്കുന്നത്. വർഷങ്ങളായി അയാൾ (വിജയ കുമാർ) അതിക്രമിച്ചു കയറുന്നു, ഞങ്ങൾ അവനെതിരെ നിരവധി കേസുകൾ കൊടുത്തിട്ടുണ്ട്.

ഇന്ന് ഞങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വാതിൽ പൂട്ടിയിരുന്നതിനാൽ ജനലവഴിയായിരുന്നു ഭീഷണി. എന്റെ സഹോദരിയെയും മുത്തശ്ശിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുറന്നാണ് അദ്ദേഹവുമായി സംസാരിച്ചത്.

അദ്ദേഹം പറയുന്നത് അനുസരിച്ചില്ലെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് നിർത്തിക്കുമെന്നും, അതിനായി ഏതറ്റംവരെ പോകുമെന്നും പറഞ്ഞു. എനിക്ക് അഭിനയിക്കണമെങ്കിൽ താൻ പറയുന്ന സിനിമകളിൽ അഭിനയിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ജീവിക്കാൻ വേണ്ടി മുത്തശ്ശിയെന്നെ വിറ്റുവെന്ന് ആരോപിച്ചു.

ഞാൻ ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കിയ മലയാളം സിനിമയുടെ ടീമിനെയും ചീത്ത പറഞ്ഞു. എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനും എന്റെ അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കിയതിനുമെതിരെ ഞാനും എന്റെ അമ്മയും അദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത ഒരു കേസ് കോടതിയിൽ നടക്കുന്നതിനിടയിലാണ് ഇതെല്ലാം സംഭവിക്കുന്നത്. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് എന്റെ ഇഷ്ടത്തിനാണ്.

അഭിനയം എപ്പോഴും എന്റെ പാഷനാണ്, എന്റെ ആരോഗ്യം അനുവദിക്കുന്നിടത്തോളം ഞാൻ അഭിനയം തുടരും. ഞാൻ ഷൈലോക്കിൽ അഭിനയിച്ചപ്പോൾ അദ്ദേഹം ഒരു കേസ് ഫയൽ ചെയ്തു, സിനിമ മുടങ്ങാതിരിക്കാൻ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു രേഖയിൽ ഒപ്പിടേണ്ടി വന്നു. എന്റെ അമ്മയ്ക്ക് നൽകാനുള്ള പണവും സ്വർണവും തിരിച്ചുകിട്ടാൻ അദ്ദേഹത്തിനെതിരെ ഞങ്ങൾ ഫയൽ ചെയ്ത കേസും ഇപ്പോൾ നിലവിലുണ്ട്,’ അർത്ഥന കുറിച്ചു.

Content Highlights: Vijayakumar trespassing on Arthana’s house

We use cookies to give you the best possible experience. Learn more