| Sunday, 25th August 2024, 8:26 am

എനിക്ക് അങ്ങനെയൊരു ഡയലോഗുള്ള കാര്യം അറിയില്ലായിരുന്നു; കാണാതെ പഠിക്കാന്‍ സമയം തന്നില്ല: വിജയകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു നരസിംഹം. 2000ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ പൂവള്ളി ഇന്ദുചൂഡന്‍ എന്ന അച്ചു ആയിട്ടാണ് എത്തിയത്. സിനിമയില്‍ തിലകന്‍, കനക, എന്‍.എഫ്. വര്‍ഗീസ്, ഐശ്വര്യ ഭാസ്‌കരന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു.

അഡ്വക്കേറ്റ് നന്ദഗോപാല്‍ മാരാറായി മമ്മൂട്ടിയുടെ കാമിയോ റോളും നരസിംഹത്തില്‍ ഉണ്ടായിരുന്നു. ഈ സിനിമയിലൂടെ ഇന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ഡയലോഗാണ് നടന്‍ വിജയകുമാറിന്റേത്. മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനിലെ ‘അവതാര പിറവികളുടെ മുഴുവന്‍ രൗദ്ര ഭാവവും’ എന്ന് തുടങ്ങുന്ന ഡയലോഗായിരുന്നു അത്.

സിനിമയില്‍ അങ്ങനെ ഒരു ഡയലോഗുണ്ടെന്നോ അത് താനാണ് പറയുന്നതെന്നോ അറിയില്ലായിരുന്നു എന്നാണ് വിജയകുമാര്‍ പറയുന്നത്. ആ ഡയലോഗ് താന്‍ കാണാതെ പഠിച്ചിരുന്നില്ലെന്നും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതിന്റെ പ്രധാന്യം മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയകുമാര്‍.

‘ദാ കാണ്, അവതാര പിറവികളുടെ മുഴുവന്‍ രൗദ്ര ഭാവവും ആവാഹിച്ച ഈ മൂര്‍ത്തിക്ക് ഇപ്പോള്‍ പേര് നരസിംഹമാണ് (ചിരി). ഇങ്ങനെയൊരു ഡയലോഗ് ഉണ്ടെന്നോ ഇത് ഞാനാണ് പറയുന്നതെന്നോ എനിക്ക് അറിയില്ലായിരുന്നു. അപ്പോള്‍ ഭാരതപുഴയില്‍ പൊരി വെയിലായിരുന്നു. തൊട്ടടുത്ത് സിംഹത്തെയും കെട്ടിയിട്ടിരുന്നു.

ആ ഡയലോഗില്‍ ദാ കാണ് എന്ന് പറയുമ്പോള്‍ ഒരു വലിയ ക്രൗഡ് വരാനുണ്ടായിരുന്നു. ചുറ്റും ആള്‍ക്കൂട്ടവും ബഹളവും ആയത് കൊണ്ട് ഷാജി ചേട്ടന്‍ നല്ല ഫയറിങ്ങായിരുന്നു. ഇതിന്റെ ഇടയില്‍ ‘പെട്ടെന്ന് പെട്ടെന്ന്’ എന്ന് പറഞ്ഞാണ് ഞാന്‍ ആ ഡയലോഗ് പറയുന്നത്.

അല്ലാതെ ഈ ഡയലോഗ് ഞാനിരുന്ന് കാണാതെ പഠിക്കുകയൊന്നും ചെയ്തിരുന്നില്ല. പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതിന്റെ പ്രധാന്യം നമ്മള്‍ മനസിലാക്കുന്നത്. നമ്മള്‍ ചെയ്യുന്ന ചില കഥാപാത്രങ്ങള്‍ ബ്ലാസ്റ്റ് ചെയ്യുന്നത് കാലങ്ങള്‍ കഴിഞ്ഞാണ് എന്നതാണ് സത്യം.

സിനിമയൊക്കെ ഇറങ്ങിയ ശേഷം എപ്പോഴോ, പടയപ്പയായിരുന്നു ഇന്‍സിപിരേഷനെന്ന് ഷാജി ചേട്ടന്‍ ഏതോ ഇന്റര്‍വ്യൂവില്‍ പറയുന്നത് കേട്ടു. പടയപ്പയുടെ ഹാങ്ങോവറില്‍ നില്‍ക്കുമ്പോഴാണ് അതുപോലെ ഒരു സാധനം പിടിക്കാമെന്ന് തീരുമാനിക്കുന്നത്,’ വിജയകുമാര്‍ പറഞ്ഞു.


Content Highlight: Vijayakumar Talks About Narasimham Movie

We use cookies to give you the best possible experience. Learn more