സഹനടനായി തന്റെ കരിയര്‍ ആരംഭിച്ച് പിന്നീട് നായകനടനായും തിളങ്ങിയ നടനാണ് വിജയകുമാര്‍. ഷാജി കൈലാസ്, ജോഷി എന്നീ സംവിധായകരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ന് സോഷ്യല്‍ മീഡിയയുടെ വരവോടെ ‘ചീറ്റിങ് സ്റ്റാര്‍’ എന്ന വിളിപ്പേരും നടന് ലഭിച്ചിരുന്നു.
മമ്മൂട്ടിക്കൊപ്പവും വിജയകുമാര്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വല്ല്യേട്ടന്‍ സിനിമയുടെ സമയത്ത് മമ്മൂട്ടി തന്നെ മുന്‍കൈ എടുത്ത് തങ്ങളുടെ കൂടെ വരികയും ഭക്ഷണം കഴിക്കുകയും തങ്ങളെ കൊണ്ട് ഭക്ഷണം കഴിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് പറയുകയാണ് വിജയകുമാര്‍.
പക്ഷെ ആ മമ്മൂട്ടിയൊക്കെ ഇപ്പോള്‍ മാറിപ്പോയെന്നും അദ്ദേഹത്തിന് ഷൈന്‍ ടോം ചാക്കോയും വിനായകനും ശ്രീനാഥ് ഭാസിയുമൊക്കെയാണ് വേണ്ടതെന്നും നടന്‍ പറഞ്ഞു. മമ്മൂട്ടിക്ക് പ്രശ്‌നക്കാരോട് ഇപ്പോള്‍ വല്ലാത്ത ഒരു ഇഷ്ടം തോന്നി തുടങ്ങിയെന്നും വിജയകുമാര്‍ പറയുന്നു. ന്യൂസ് 18 കേരളയില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘നരസിംഹം കഴിഞ്ഞപ്പോഴാണ് ഞാനും മമ്മൂക്കയും ചേര്‍ന്ന് ദുബായ് എന്ന സിനിമയില്‍ അഭിനയിക്കുന്നത്. നരസിംഹത്തില്‍ കോടതി സീനില്‍ എനിക്ക് മമ്മൂക്കയും ലാലേട്ടനുമായി കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു. കുറച്ചുനാള്‍ മമ്മൂക്കയുടെ കൂടെ സന്തത സഹചാരിയായി നടന്നു. ദുബായ് എന്ന സിനിമയില്‍ ഞങ്ങള്‍ മൂന്ന് മാസം അടുപ്പിച്ച് ഉണ്ടായിരുന്നു.
പിന്നെ ഞങ്ങള്‍ രണ്ടുപേരും വേറെ പടങ്ങളിലേക്ക് പോയി. അതിന് ശേഷമാണ് വല്ല്യേട്ടന്‍ സിനിമയിലേക്ക് വരുന്നത്. ആ സമയത്തൊക്കെ മമ്മൂക്ക തന്നെ മുന്‍കൈ എടുത്തിട്ട് ഞങ്ങളുടെ കൂടെ വരികയും ഭക്ഷണം കഴിക്കുകയും ഞങ്ങളെ കൊണ്ട് ഭക്ഷണം കഴിപ്പിക്കുകയും ചെയ്യും. അങ്ങനെയൊരു പ്രവണത മമ്മൂക്കക്ക് ഉണ്ടായിരുന്നു.
പക്ഷെ ആ മമ്മൂക്കയൊക്കെ ഇപ്പോള്‍ മാറിപ്പോയി. ഇപ്പോള്‍ മമ്മൂക്കക്ക് ഷൈന്‍ ടോം ചാക്കോയും വിനായകനും ശ്രീനാഥ് ഭാസിയുമൊക്കെയാണ് (ചിരി). വല്ല്യേട്ടന് ഒരു സെക്കന്റ് പാര്‍ട്ട് വരുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ബൈജുവേട്ടനോട് (നിര്‍മാതാവ് ബൈജു അമ്പലക്കര) ഒരു കാര്യം പറഞ്ഞു.
‘ഞങ്ങളെയൊന്നും ഇടാന്‍ മമ്മൂക്ക സമ്മതിക്കില്ല. മിനിമം വിനായകന്‍, ഷൈന്‍ ടോം ചാക്കോ’ എന്ന്. മമ്മൂക്കക്ക് എന്താണെന്ന് അറിയില്ല, പ്രശ്‌നക്കാരോട് ഇപ്പോള്‍ വല്ലാത്ത ഒരു ഇഷ്ടം തോന്നി തുടങ്ങി,’ വിജയകുമാര്‍ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും വിനായകനും അത്ര പ്രശ്‌നക്കാരാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘അയ്യോ ഒട്ടുമില്ല. നമുക്ക് അതിലേക്ക് കടക്കണ്ട. രാവിലെ തന്നെ വിവാദങ്ങളിലേക്ക് പോകേണ്ട’ എന്നായിരുന്നു നടന്റെ മറുപടി.
Content Highlight: Vijayakumar Talks About Mammootty, Vinayakan, Shine Tom Chacko And Sreenath Bhasi