| Friday, 29th November 2024, 7:35 pm

വല്ല്യേട്ടനില്‍ പാടുപെട്ട് ഷൂട്ട് ചെയ്ത സീന്‍ അതായിരുന്നു: വിജയകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വല്ല്യേട്ടന്‍. അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ആ വര്‍ഷത്തെ കളക്ഷന്‍ റെക്കോഡുകള്‍ പലതും തകര്‍ത്തെറിഞ്ഞിരുന്നു. റിലീസ് ചെയ്ത് 24 വര്‍ഷങ്ങള്‍ക്ക് ശേഷം 4k സാങ്കേതികവിദ്യയുടെ സഹായത്തോടെ റീ റിലീസ് ചെയ്തിരിക്കുകയാണ്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരന്മാരില്‍ ഒരാളായി വേഷമിട്ടത് വിജയകുമാറായിരുന്നു.  ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിജയകുമാര്‍. അന്നത്തെ കാലത്ത് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ഉപകരണങ്ങള്‍ വല്ല്യേട്ടന്റെ ഷൂട്ടിന് ഉപയോഗിച്ചിരുന്നെന്ന് വിജയകുമാര്‍ പറഞ്ഞു.

ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച ക്യാമറാമാന്മാരില്‍ ഒരാളായ രവി വര്‍മനായിരുന്നു ആ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരുന്നതെന്നും അദ്ദേഹം ആദ്യമായി ചെയ്ത കൊമേഴ്‌സ്യല്‍ സിനിമയായിരുന്നു അതെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. അക്കേല ക്രെയിന്‍ ആദ്യമായി മലയാളത്തില്‍ വിജയകരമായി പരീക്ഷിച്ചത് വല്ല്യേട്ടനിലായിരുന്നെന്ന് വിജയകുമാര്‍ പറഞ്ഞു.

ഗോഡ എന്ന് പറയുന്ന ഒരു ഉപകരണത്തിന്റെ മുകളിലിരുന്ന് ഏരിയല്‍ ഷോട്ടുകള്‍ എടുത്തത് അന്ന് വലിയ വെല്ലുവിളിയായിരുന്നെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്റര്‍വെല്ലിന് മുമ്പുള്ള ഫൈറ്റില്‍ മമ്മൂട്ടി വര വരച്ച് എന്‍.എഫ്. വര്‍ഗീസിനെ വെല്ലുവളിക്കുന്ന ഷോട്ട് എടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടെന്നും വിജയകുമാര്‍ പറഞ്ഞു.

ആ വര കറക്ടായി ക്യാമറയില്‍ കിട്ടാന്‍ ഒരുപാട് ശ്രമിച്ചെന്നും എത്ര ശ്രമിച്ചിട്ടും അത് കൃത്യമായി ഷൂട്ട് ചെയ്യാന്‍ പറ്റിയില്ലെന്നും വിജയകുമാര്‍ പറഞ്ഞു. അരമണിക്കൂര്‍ ശ്രമിച്ചിട്ടും അത് എടുക്കാന്‍ രവി വര്‍മന് പറ്റിയില്ലെന്നും ലൈറ്റ് പോകുന്നത് കണ്ട് എല്ലാവര്‍ക്കും ടെന്‍ഷനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ എങ്ങനെയോ കിട്ടിയെന്നും ഇതൊക്കെ വെച്ച് ഷൂട്ട് ചെയ്യാന്‍ വലിയ പാടാണെന്ന് ഷാജി കൈലാസ് പറഞ്ഞെന്നും വിജയകുമാര്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു വിജയകുമാര്‍.

‘ഇന്ത്യന്‍ 2വിന്റെ ക്യമാറ ചെയ്ത രവിവര്‍മനായിരുന്നു വല്ല്യേട്ടന്റെ ക്യാമറ ചെയ്തത്. ആ സിനിമയില്‍ അക്കേല ക്രെയിന്‍ ഉപയോഗിച്ചിരുന്നു. അതിന് മുമ്പ് ആ ക്രെയിന്‍ മലയാളത്തില്‍ മുമ്പ് ഉപയോഗിച്ചിരുന്നെങ്കിലും സക്‌സസായത് വല്ല്യേട്ടനിലൂടെയായിരുന്നു. ഗോഡ എന്നൊരു എക്വിപ്‌മെന്റും അതില്‍ ഉപയോഗിച്ചിരുന്നു. ഒരുപാട് ഉയരത്തില്‍ ക്യാമറ വെച്ചായിരുന്നു ഷൂട്ട് ചെയ്തത്.

ആ പടത്തില്‍ എന്‍.എഫ്. വര്‍ഗീസുമായുള്ള ഫൈറ്റ് സീനില്‍ മമ്മൂക്ക വര വരക്കുന്ന സീന്‍ ഉണ്ടല്ലോ. അത് എടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ഏതാണ്ട് അര മണിക്കൂര്‍ ശ്രമിച്ചിട്ടും ആ ഷോട്ട് കറക്ടായി കിട്ടിയില്ല. അത്രയും ഹൈറ്റില്‍ നിന്ന് ആ വര കറക്ടായി കിട്ടണമല്ലോ. ലൈറ്റൊക്കെ പോകുന്നത് കണ്ട് എല്ലാവര്‍ക്കും ടെന്‍ഷനായി. ഒടുവില്‍ എങ്ങനെയോ അത് കിട്ടി. എല്ലാം കഴിഞ്ഞപ്പോള്‍ ഷാജി സാര്‍ ‘ഇതൊക്കെ വെച്ച് ഷൂട്ട് ചെയ്യുന്നത് വലിയ പാടാണ് കേട്ടോ’ എന്ന് പറഞ്ഞു. ഇപ്പോഴാണ് അതൊക്കെ നമുക്ക് മനസിലാകുന്നത്,’ വിജയകുമാര്‍ പറഞ്ഞു.

Content Highlight: Vijayakumar share the shooting memories of Valliettan movie

Latest Stories

We use cookies to give you the best possible experience. Learn more