ചെന്നൈ: തമിഴ്‌നാട്ടില്‍ സീറ്റ് തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് നടന്‍ വിജയ് കാന്തിന്റെ ഡി.എം.ഡി.കെ എന്‍.ഡി.എ സഖ്യം വിട്ടു. തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സഖ്യം വിടാന്‍ തീരുമാനിച്ചതെന്ന് വിജയ് കാന്ത് അറിയിച്ചു.
സീറ്റ് വിഭജനത്തിനായി മൂന്ന് ഘട്ടമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകളില്‍ ഒന്നിലും ധാരണയാകാത്തതിനെത്തുടര്‍ന്നാണ് സഖ്യം വിടാന്‍ തീരുമാനിച്ചത്.
ഡി.എം.ഡി.കെ ആദ്യം 41 സീറ്റാണ് ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്കൊടുവില്‍ 23 സീറ്റെങ്കിലും വേണമെന്ന നിലപാടില്‍ വിജയകാന്ത് പക്ഷം ഉറച്ച് നിന്നിരുന്നു. 15 സീറ്റാണ് എ.ഐ.എ.ഡി.എം.കെ നല്‍കാമെന്ന് അറിയിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എന്‍.ഡി.എ സഖ്യം വിടുന്ന രണ്ടാമത്തെ പാര്‍ട്ടിയാണ് ഡി.എം.ഡി.കെ.
അതേസമയം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെടല്‍ നടത്താനൊരുങ്ങുകയാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിന്‍ ഉവെസി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എ.എം.എം.കെ) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതായി ഉവൈസി പറഞ്ഞിരുന്നു.
വാനിയാമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ മണ്ഡലങ്ങളിലാണ് ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കുന്നത്. നേരത്തെ ഡി.എം.കെ സഖ്യത്തില്‍ ചേരാന്‍ ഒവൈസിയുടെ പാര്‍ട്ടി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗും (ഐ.യു.എം.എല്‍) മനിതനേയ മക്കള്‍ കച്ചിയും (എം.എം.കെ) എതിര്‍ക്കുകയായിരുന്നു.
അതേസമയം നേരത്തെ ദിനകരന്റെ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കണമെന്ന് ബി.ജെ.പി അണ്ണാ ഡി.എം.കെയോട് ആവശ്യപ്പെട്ടിരുന്നു. എ.എം.എം.കെയുടെ സാന്നിധ്യത്തിലൂടെ മാത്രമാണ് തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു ബി.ജെ.പി വിലയിരുത്തിയത്.
എന്നാല്‍ ദിനകരന്റെ പാര്‍ട്ടിയുമായോ ശശികലയുമായോ ഒരു തരത്തിലുള്ള നീക്കുപോക്കിനും സാധിക്കില്ലെന്നാണ് എ.ഐ.എ.ഡി.എം.കെയും നിലപാട്.ഇതിനിടെ ശശികലയെ ബി.ജെ.പിയുടെ കൂടെ കൂട്ടണമെന്ന നിലപാടുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്ത് വന്നിരുന്നു.
ഇതിനിടെയാണ് രാഷ്ട്രീയം വിടുകയാണെന്ന് ശശികല പ്രഖ്യാപിച്ചത്. ജയലളിത ജീവിച്ചിരുന്നപ്പോഴും താന്‍ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ലെന്നും അവരുടെ മരണശേഷവും അതിന് താല്‍പര്യമില്ലെന്നും ശശികല പ്രഖ്യാപിക്കുകയായിരുന്നു.