നായകനായ കാലം മുതല്‍ ആ സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു: വിജയ് സേതുപതി
Entertainment
നായകനായ കാലം മുതല്‍ ആ സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th December 2024, 4:37 pm

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. കരിയറിന്റെ തുടക്കത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും സഹനടനായും വേഷമിട്ട വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെ നായകനായി അരങ്ങേറി. പിന്നീട് വളരെ പെട്ടെന്ന് തന്നെ തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയിലേക്ക് നടന്നുകയറാന്‍ വിജയ് സേതുപതിക്ക് സാധിച്ചു. സൂപ്പര്‍ ഡീലക്‌സിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡും താരം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ 2വാണ് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ വെറും പത്തുമിനിറ്റ് മാത്രമാണ് വിജയ് സേതുപതി വന്നുപോകുന്നത്. താന്‍ സഹനടനായി അഭിനയിച്ച സമയത്താണ് വെട്രിമാരന്റെ ആടുകളവും പൊല്ലാതവനും കാണുന്നതെന്ന് വിജയ് സേതുപതി പറഞ്ഞു. ആ രണ്ട് സിനിമകളും തനിക്ക് ഒരുപാട് ഇഷ്ടമായെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

പിന്നീട് നായകനായി അഭിനയിക്കുന്ന സമയത്ത് വെട്രിമാരനൊപ്പം ഒരു സിനിമയിലെങ്കിലും വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നെന്നും വടചെന്നൈയുടെ കഥ പറയാന്‍ വെട്രിമാരന്‍ തന്റെയടുത്തേക്ക് വന്നിരുന്നെന്നും വിജയ് സേതുപതി പറഞ്ഞു. 15 മിനിറ്റ് കൊണ്ട് കഥ പറഞ്ഞെന്നും ഫ്‌ളോ ചാര്‍ട്ടെല്ലാം ഉപയോഗിച്ചാണ് കഥ വിവരിച്ചതെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

അന്ന് രാജന്‍ എന്ന കഥാപാത്രത്തെ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും എന്നാല്‍ അന്ന് വടചെന്നൈ ചെയ്യാന്‍ സാധിച്ചില്ലെന്നും വിജയ് സേതുപതി പറഞ്ഞു. പിന്നീട് കാത്തുവാക്കുല രണ്ട് കാതല്‍ എന്ന സിനിമ ചെയ്യുന്നതിനിടയിലാണ് വിടുതലൈയുടെ കഥ തന്നോട് പറഞ്ഞതെന്നും എട്ട് ദിവസത്തെ ഡേറ്റ് മാത്രമേ ചോദിച്ചിരുന്നുള്ളൂവെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. അത് പിന്നീട് വലിയൊരു കഥാപാത്രമായി മാറുകയായിരുന്നെന്ന് വിജയ് സേതുപതി പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടും സഹനടനായിട്ടും അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് വെട്രിമാരന്റെ പൊല്ലാതവനും ആടുകളവും റിലീസാകുന്നത്. രണ്ട് സിനിമയും എനിക്ക് ഒരുപാട് ഇഷ്ടമായി. പിന്നീട് നായകനായി അഭിനയിച്ചു തുടങ്ങിയപ്പോള്‍ എന്നെങ്കിലും വെട്രിമാരനൊപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് വടചെന്നൈയുടെ കഥ പറയാന്‍ വെട്രി എന്റെയടുത്തേക്ക് വന്നത്.

ഫ്‌ളോ ചാര്‍ട്ടെല്ലാം വെച്ച് ഓരോ കഥാപാത്രവും ആരാണ് എന്നൊക്കെ വിശദമാക്കിയാണ് കഥ പറഞ്ഞത്. 15 മിനിറ്റ് കൊണ്ട് കഥ പറഞ്ഞു. രാജന്‍ എന്ന ക്യാരക്ടര്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. പക്ഷേ ആ സിനിമ ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് കാത്തുവാക്കുല രണ്ട് കാതല്‍ എന്ന സിനിമ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് വിടുതലൈയുടെ കഥ പറഞ്ഞത്. വാദ്ധ്യാര്‍ എന്ന ക്യാരക്ടര്‍ ഒരുപാട് ഇഷ്ടമായി. എട്ട് ദിവസത്തെ ഡേറ്റാണ് ചോദിച്ചത്. പിന്നീട് അത് വലിയൊരു ക്യാരക്ടറായി മാറി,’ വിജയ് സേതുപതി പറയുന്നു.

Content Highlight: Vijaya Sethupathi saying Vetrimaaran narrated the story of Vadachennai to him