മമ്മൂട്ടിക്ക് എല്ലാവരെക്കാളും നന്നായി അഭിനയിക്കണമെന്നും പുതിയ വേഷങ്ങള്‍ ചെയ്യണമെന്നൊക്കെയുള്ള ആര്‍ത്തിയാണ്: വിജയരാഘവന്‍
Entertainment
മമ്മൂട്ടിക്ക് എല്ലാവരെക്കാളും നന്നായി അഭിനയിക്കണമെന്നും പുതിയ വേഷങ്ങള്‍ ചെയ്യണമെന്നൊക്കെയുള്ള ആര്‍ത്തിയാണ്: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th September 2023, 8:00 pm

മമ്മൂട്ടി ഒരു അത്ഭുത മനുഷ്യനാണെന്നും പുതിയ റോളുകളില്‍ അഭിനയിച്ച് എല്ലാവരേക്കാളും മുന്നിലെത്തണം എന്ന ആര്‍ത്തിയാണ് മമ്മൂട്ടിക്കെന്നും നടന്‍ വിജയരാഘവന്‍. തന്റെ ആഗ്രഹവും അതാണെന്നും മരിക്കുന്നത് വളരെ വ്യത്യസ്തമായ റോളുകള്‍ ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ മമ്മൂട്ടിയിരിക്കുന്ന വേദിയിലാണ് വിജയരാഘവന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഒരു അത്ഭുത മനുഷ്യനാണ്. പുതിയ പുതിയ റോളുകളില്‍ അഭിനയിക്കണം, ഏറ്റവും നന്നായി അഭിനയിക്കണം, ബാക്കി എല്ലാവരേക്കാളും മുന്നിലെത്തണം എന്നെപ്പോഴും ആഗ്രഹിക്കുന്ന ആളാണ് മമ്മൂട്ടി. ഭയങ്കര ആര്‍ത്തിയാണ്. നമുക്ക് ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റണം, അങ്ങനെയുള്ള ക്യാരക്ടേഴ്‌സ് ചെയ്യാന്‍ പറ്റണം, എന്റെ ആഗ്രഹവും അതാണ്. മരിക്കുന്നത് വളരെ വ്യത്യസ്തമായ റോളുകള്‍ ചെയ്യുക എന്നുള്ളതാണ് എന്റെ ആഗ്രഹം.

എനിക്ക് വേറൊരു ആഗ്രഹവും ഇല്ല ജീവിതത്തില്‍. അഭിനയിക്കുക എന്നുള്ളത് മാത്രമാണ്. അതുതന്നെയാണ് മമ്മൂട്ടിക്കുള്ളതെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് ഇത്രയും നാള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുന്നത്. സിനിമയില്‍ നിലനില്‍ക്കാന്‍ പറ്റുന്നത് നൂറുശതമാനം ഡെഡിക്കേറ്റഡ് ആണെന്നുള്ളതുകൊണ്ടാണ്,’ വിജയരാഘവന്‍ പറഞ്ഞു.

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. വലിയ ബജറ്റിലെത്തുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
മമ്മൂട്ടി കമ്പനിയാണ് കണ്ണൂര്‍ സ്‌ക്വാഡ് നിര്‍മിക്കുന്നത്. സമീപകാലത്തായി വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങള്‍ പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു ഗംഭീരകഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സെപ്റ്റംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നന്‍പകല്‍ നേരത്തു മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോബി വര്‍ഗീസ് രാജ് ആണ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേര്‍ന്നാണ്. എസ്.ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

തിരക്കഥ ഒരുക്കുന്ന റോണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുഹമ്മദ് സാഹിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുശിന്‍ ശ്യാമാണ് സംഗീത സംവിധായകന്‍, പ്രവീണ്‍ പ്രഭാകറാണ് എഡിറ്റര്‍.

Content Highlights: Vijaya Raghavan talking about Mammootty and his dedication in acting