ആ ചിത്രങ്ങളെല്ലാം എങ്ങനെ തിയേറ്ററിൽ ഓടിയെന്ന് എനിക്കറിയില്ല: വിജയ രാഘവൻ
Entertainment
ആ ചിത്രങ്ങളെല്ലാം എങ്ങനെ തിയേറ്ററിൽ ഓടിയെന്ന് എനിക്കറിയില്ല: വിജയ രാഘവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd December 2023, 8:32 am

മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞുനിൽക്കുന്ന നടനാണ് വിജയ രാഘവൻ. നാടക മേഖലയിൽ നിന്ന് സിനിമയിലെത്തിയ അദ്ദേഹം വ്യത്യസ്ത വേഷങ്ങളിലൂടെ എന്നും മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്.

ഈയിടെ ഇറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലെ വിജയരാഘവന്റെ പ്രകടനം വലിയ രീതിയിൽ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ഏറ്റവും ഒടുവിലായി ഇറങ്ങിയ ആന്റണി എന്ന സിനിമയിലും മികച്ച ഒരു കഥാപാത്രത്തെ തന്നെയാണ് വിജയരാഘവൻ അവതരിപ്പിച്ചിട്ടുള്ളത്.

ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമ തിയേറ്ററിൽ ഓടുമോ ഓടില്ലേ എന്നത് മനസ്സിലാക്കാൻ പ്രയാസമാണെന്നും തനിക്ക് ഇഷ്ടമുള്ള പല സിനിമകളും തീയേറ്ററിൽ പരാജയമായിരുന്നുവെന്നും അതുപോലെ ഇഷ്ടമില്ലാത്ത ചില സിനിമകൾ തിയേറ്ററിൽ വൻ വിജയമായിട്ടുണ്ടെന്നും വിജയരാഘവൻ പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സിനിമ കാണുമ്പോൾ അത് എന്തുകൊണ്ടാണ് പരാജയപ്പെട്ടത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പക്ഷേ സത്യം പറഞ്ഞാൽ ചില സിനിമകൾ ഓടുമ്പോൾ എനിക്ക് ഇതെങ്ങനെ ഓടുന്നു എന്ന് തോന്നാറുണ്ട്. ചില നല്ല സിനിമകൾ ഓടാതെ ഇരിക്കുമ്പോൾ ഞാൻ വിചാരിക്കാറുണ്ട് ഇതെന്തുകൊണ്ട് ഓടിയില്ലായെന്ന്. എനിക്കറിയില്ല അത് എന്താണെന്ന്. അത് ഇന്നും അറിയാത്ത കാര്യമാണ്.

എനിക്ക് ഇഷ്ടമുള്ള സിനിമകൾ തിയേറ്ററിൽ ഓടാതെ ഇരുന്നിട്ടുണ്ട്. അതുപോലെ എനിക്ക് ഇഷ്ടമില്ലാത്ത ചില സിനിമകൾ തിയേറ്ററിൽ വലിയ വിജയവും ആയിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. അതെല്ലാം പ്രേക്ഷകരെ അനുസരിച്ചിരിക്കും,’ വിജയ രാഘവൻ പറയുന്നു.

അതേ സമയം വിജയരാഘവൻ അഭിനയിച്ച് ദിവസം തിയേറ്ററിലെത്തിയ ജോഷി ചിത്രം ആന്റണിയിൽ ജോജു ജോർജാണ് നായകൻ.

ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, കല്യാണി പ്രിയദർശൻ തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Content Highlight: Vijaya Raghavan Talk About Theater Response Of  Malayalam Movies