വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് നടൻ വിജയരാഘവൻ. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു. മലയാളത്തിന്റെ നാടകാചാര്യന്മാരിൽ ഒരാളായ എൻ. എൻ. പിള്ളയുടെ മകനാണ് വിജയ രാഘവൻ.
അതുകൊണ്ട് തന്നെ നാടകരംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്. പൂക്കാലം, ആന്റണി തുടങ്ങി ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന കിഷ്കിന്ധാ കാണ്ഡം എന്നിങ്ങനെ ഈയിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് വിജയരാഘവൻ കാഴ്ചവെച്ചത്.
വിജയരാഘവന്റെ ഗംഭീര പ്രകടനം കണ്ട ചിത്രമായിരുന്നു ജയരാജ് സംവിധാനം ചെയ്ത ദേശാടനം. ചിത്രത്തിലെ അഭിനയത്തിന് താൻ അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ കിട്ടാതെ വന്നപ്പോൾ നിരാശ തോന്നിയെന്നും വിജയരാഘവൻ പറയുന്നു.
പൂക്കാലം എന്ന സിനിമയിലൂടെ അവാർഡ് കിട്ടിയപ്പോൾ സന്തോഷം തോന്നിയെന്നും എന്നാൽ അതിനർത്ഥം താനൊരു മഹാനടനാണെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
‘അന്ന് എല്ലാവരും പുരസ്‌കാരം ഉറപ്പാണെന്ന് പറഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചു. രണ്ടുതവണയും കിട്ടാതെ വന്നപ്പോൾ നിരാശ തോന്നി. പിന്നീട് അത്തരം പ്രതീക്ഷകൾ വെച്ചില്ല. ഇത്തവണ കിട്ടിയതിൽ സന്തോഷം.
പിന്നെ പുരസ്‌കാരം കിട്ടിയതുകൊണ്ട് ഞാനൊരു മഹാനടൻ ആയെന്നോ, കിട്ടിയില്ലെങ്കിൽ മോശം നടനാണെന്നോ ഒന്നും വിശ്വസിക്കുന്നില്ല. ഞാനൊരു കൊള്ളാവുന്ന അഭിനേതാവാണ് എന്ന ബോധ്യമുണ്ട്. ആ ആത്മവിശ്വാസമാണ് എന്നെ നിലനിർത്തുന്നത്.
ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിൻ്റെ ക്രെഡിറ്റ് അച്ഛനുള്ളതാണ്. ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാരിലൊരാൾ ഞാനാണെന്നാണ് വിശ്വസിക്കുന്നത്. എൻ.എൻ. പിള്ളയുടെ മകനായി ജനിച്ചു എന്നതാണ് ആ ഭാഗ്യം. കുട്ടിക്കാലം മുതൽ വീട്ടിൽ നാടക റിഹേഴ്‌സലൊക്കെ കണ്ടാണ് വളർന്നത്.
അച്ഛൻ അഭിനേതാക്കൾക്ക് നിർദേശം നൽകുന്നതും എഴുതുന്നതും നാടകങ്ങളുമായി യാത്ര ചെയ്യുന്നതുമെല്ലാം കണ്ടുവളർന്നു. എങ്ങനെയാണ് ഒരുകഥാപാത്രത്തെ രൂപപ്പെടുത്തുന്നതെന്ന് പഠിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ട് അതാണ്,’വിജയ രാഘവൻ പറയുന്നു.
Content Highlight: Vijaya Raghavan Talk About Deshadanam Movie