'ബൈബിളിലാണ് തോക്ക് വെച്ചതെന്ന് ആരാണ് പറഞ്ഞത്'; വിവാദത്തിന് മറുപടിയുമായി വിജയരാഘവൻ
Entertainment
'ബൈബിളിലാണ് തോക്ക് വെച്ചതെന്ന് ആരാണ് പറഞ്ഞത്'; വിവാദത്തിന് മറുപടിയുമായി വിജയരാഘവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th December 2023, 5:16 pm

ഈയിടെ പുറത്തിറങ്ങിയ ജോഷി ചിത്രമായിരുന്നു ജോജു ജോർജ് നായകനായ ആന്റണി. ചിത്രത്തിൽ അവറാച്ഛൻ എന്ന പ്രധാന വേഷത്തിൽ എത്തിയത് നടൻ വിജയ രാഘവനാണ്.

ചിത്രത്തിൽ വിജയരാഘവന്റെ കഥാപാത്രം എപ്പോഴും കൈയിൽ സൂക്ഷിക്കുന്ന ഒരു പുസ്തകമുണ്ട്. ഈ പുസ്തകത്തിനുള്ളിലായി തോക്ക് കാണിക്കുന്ന ഒരു സീൻ ചിത്രത്തിലുണ്ട്.

എന്നാൽ റിലീസിന് ശേഷം ഈ പുസ്തകം ബൈബിൾ ആണെന്നും സംവിധായകൻ ജോഷി ബൈബിളിനെ അവഹേളിച്ചു എന്ന തരത്തിലുമെല്ലാം ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു.

ഇതിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ രാഘവൻ. ആ പുസ്തകം ബൈബിൾ അല്ലയെന്നാണ് വിജയ രാഘവൻ പറയുന്നത്. അതിലെല്ലാം മതം ചേർക്കുന്നതാണ് ശരിക്കും അറപ്പ് തോന്നുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഇത്‌ വളരെ മോശമാണെന്നും മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ആരാണ് പറഞ്ഞത് ബൈബിളിലാണ് തോക്ക് വെച്ചതെന്ന്. അത് ബൈബിൾ അല്ല. അത് സ്വയം രക്ഷയ്‌ക്ക് വേണ്ടി ആ കഥാപാത്രം കൊണ്ട് നടക്കുന്ന ഒന്നാണ്. അത്രയേ ഉള്ളൂ. അതിനെ പറ്റി വിവാദം പറയുന്നത് തന്നെ നാണക്കേടാണ്. ഞാൻ അതിനെ പറ്റി ഒന്നും പറയുന്നില്ല.

അറപ്പ് തോന്നുന്ന ഒരു കാര്യമാണ് ഇതെല്ലാം. ഇങ്ങനെയുള്ള കാര്യങ്ങളിൽ മതവും അതുമിതുമൊക്കെ കൂട്ടിച്ചേർക്കുന്നത് എനിക്ക് ശരിക്കും അറപ്പ് തോന്നുന്ന കാര്യമാണ്. ഞാൻ ശരിക്കും അതിനെ അശ്ലീലമായാണ് കാണുന്നത്. അതാണ് ശരിക്കും അശ്ലീലം.

അശ്ലീലം എന്ന് പറയുന്നത് ചീത്ത വാക്കുകൾ ഉപയോഗിക്കുന്നതല്ല. ഇങ്ങനെയുള്ള കാര്യങ്ങളാണ് അശ്ലീലം. ജീവിതത്തിലും സിനിമയിലും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉൾപ്പെടുത്തുന്നത് വൃത്തികെട്ട ഏർപാടാണ്. അതിനെ കുറിച്ച് ഒന്നും പറയാനില്ല,’വിജയ രാഘവൻ പറയുന്നു.

Content Highlight: Vijaya Raghavan Talk About Atony Movie Bible Controversy