| Wednesday, 25th July 2018, 7:26 am

നിയമ നടപടികള്‍ നേരിടാന്‍ തയ്യാറാണ്; വിജയ് മല്യ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായി വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെത്തി നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് കാട്ടി മല്യ ഇന്ത്യന്‍ അധികൃതരെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് മല്യയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഈ നിയമമനുസരിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ വിദേശത്തുള്ളതടക്കമുള്ള സമ്പാദ്യം കേന്ദ്രസര്‍ക്കാരിന് കണ്ടുകെട്ടാം. അതേസമയം മല്യയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


ALSO READ: കോഴിക്കോട് സൂപ്പിക്കടയില്‍ കരിമ്പനി സ്ഥിരീകരിച്ചു


രാജ്യത്തെ നിരവധി ബാങ്കുകളില്‍ നിന്നായി മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഏകദേശം 9000 കോടി രൂപയുടെ വായ്പ്പാ തട്ടിപ്പ് നടത്തിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് മല്യയ്ക്ക് നേരേ നിയമനടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരുന്നു.

ഇതേതുടര്‍ന്ന് നിയമനടപടികള്‍ നടക്കുന്നതിനിടെയാണ് മല്യ വിദേശത്തേക്ക് കടന്നത്. അതേസമയം, കോടതി നിര്‍ദ്ദേശ പ്രകാരം തന്റെ സമ്പാദ്യങ്ങള്‍ മുഴുവന്‍ കൈമാറാന്‍ തയ്യാറാണെന്ന് മല്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2016 ഏപ്രിലില്‍ തന്റെ അവസ്ഥ വിവരിച്ച് കൊണ്ട് പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more