|

എന്റെ പ്രതിഫലം എത്രയാണെന്ന് ചോദിച്ചപ്പോള്‍ ഏകദേശം പത്ത് ലക്ഷമെന്നാണ് ആ കുട്ടി പറഞ്ഞത്: വിജയ് യേശുദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ ഇന്‍ഡസ്ട്രിയില്‍ ഗായകര്‍ക്കുള്ള പ്രതിഫലം വളരെ കുറവാണെന്ന് വിജയ് യേശുദാസ്. അടുത്ത കാലത്താണ് താന്‍ ഒരു സംഖ്യ പ്രതിഫലമായി വെച്ചതെന്നും അതിന്റേയും പകുതിക്ക് താഴെയാണ് തനിക്ക് ലഭിക്കുന്നതെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞു.

പ്ലേബാക്ക് സിങ്ങേഴ്‌സിന് പേയ്‌മെന്റ് കുറവാണോ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നാണ് വിജയ് യേശുദാസ് ചോദിച്ചത്.

‘പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഒരിക്കല്‍ ഒരു റസ്റ്റോറിന്റില്‍ വെച്ച് ഒരു കുട്ടിയെ കണ്ടു. അടുത്ത് വന്ന് സംസാരിക്കുന്നതിനിടയില്‍ നിങ്ങള്‍ക്ക് ഒന്നിനും കുറവില്ലല്ലോ, അച്ഛന്‍ മേടിച്ചുതരുമല്ലോ എന്നാണ് അവര്‍ ചോദിച്ചത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസക്ക് മേടിച്ച് മൂക്ക് കൊണ്ട് ക്ഷ വരച്ചാണ് കാറിന്റെ ലോണ്‍ അടച്ച് തീര്‍ത്തത്.

പക്ഷേ ഒരു പാട്ടിനൊക്കെ നല്ല പേയ്‌മെന്റ് കിട്ടുന്നുണ്ടാവുമല്ലോ എന്ന് അവര്‍ ചോദിച്ചു. കൊള്ളാം നല്ലൊരു ചോദ്യത്തിലേക്കാണ് വന്നത്, ഏകദേശം ഒരു പാട്ടിന് ഞാന്‍ എത്ര രൂപ ഉണ്ടാക്കുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെന്ന് ചോദിച്ചു. ഏകദേശം ഒരു പത്ത് ലക്ഷം എന്ന് ആ കുട്ടി പറഞ്ഞു. കേള്‍ക്കാന്‍ നല്ല സുഖമാണ്.

എന്റെ ജീവിതത്തില്‍ ഈയിടക്കാണ് ഒരു എമൗണ്ട് പറയാന്‍ തുടങ്ങിയത്. അത് എത്രയാണെന്ന് ഇപ്പോള്‍ പറയുന്നില്ല. അതിന്റെയും പകുതിക്ക് താഴെയാണ് ഇപ്പോള്‍ ചോദിക്കുന്നത്. മലയാളം ബജറ്റ് എപ്പോഴും ചെറുതായിരിക്കും. റഹ്‌മാന്‍ സാറിന്റെ മലയാളം പാട്ട് ഞാന്‍ പാടിയിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ മലയാളം വേര്‍ഷന്‍ പാടിയപ്പോള്‍ ഞാന്‍ ചോദിച്ച പൈസ അവര്‍ തന്നു. അത് വലിയ ബാനറാണ്. അതുപോലെ എല്ലാ പടത്തിലും ഉണ്ടാവില്ല,’ വിജയ് പറഞ്ഞു.

അതേസമയം വിജയ് യേശുദാസ് നായകനാവുന്ന പുതിയ ചിത്രം സാല്‍മണ്‍ റിലീസിന് ഒരുങ്ങുകയാണ്. ഡോള്‍സിനും കാട്ടുമാക്കാനും ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് സാല്‍മണ്‍. ജൂണ്‍ 30ന് ഇന്ത്യയിലേയും വിദേശങ്ങളിലേയും തിയേറ്ററുകളില്‍ സാല്‍മണ്‍ ത്രിD പ്രദര്‍ശനത്തിനെത്തും.

തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. രാജീവ് പിള്ള, മീനാക്ഷി ജയ്‌സ്വാള്‍, ജോനിത ഡോഡ, നേഹ സക്‌സേന തുടങ്ങിയവരും വേഷമിടുന്നു.

Content Highlight: vijay yesudas talks about his remmunaration