ദുബായില്‍ വെച്ച് വീഡിയോ എടുക്കാന്‍ വന്ന വ്യക്തിക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് വിജയ് യേശുദാസ്. എല്ലാവരും വന്ന് ഫോട്ടോ എടുത്തപ്പോള്‍ ഒരാള്‍ അനുവാദമില്ലാതെ തന്റെ വീഡിയോ എടുത്തെന്നും താന്‍ അത് തടഞ്ഞുവെന്നും വിജയ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് അനുഭവം പങ്കുവെച്ചത്.
‘ഈയിടക്ക് ദുബായില്‍ വെച്ച് ഒരു സംഭവം നടന്നു. ഞാന്‍ കറന്‍സി എക്‌സ്‌ചേഞ്ചിന് പോവുകയാണ്. ഉള്ളിലേക്കുള്ള ഏതോ ഷോപ്പിങ് സെന്ററില്‍ കയറി നടക്കുകയാണ്. എനിക്ക് അങ്ങനെ ചിന്തയൊന്നുമില്ല, എന്റെ ആവശ്യത്തിന് പോവുകയാണ്. ഞാന്‍ തൊപ്പി വെച്ചിട്ടുണ്ട്. എന്നെ മനസിലാക്കാതിരിക്കാന്‍ വേണ്ടിയല്ല, വെയില്‍ കൊള്ളാതിരിക്കാന്‍ വേണ്ടിയാണ് വെച്ചിരിക്കുന്നത്.
ഞാന്‍ അവിടെ നിന്നപ്പോള്‍ കുറച്ചുപേര്‍ അടുത്ത് വന്നു ഫോട്ടോ എടുക്കാന്‍ തുടങ്ങി. എല്ലാവര്‍ക്കും ഞാന്‍ എടുത്തുകൊടുക്കുന്നുണ്ട്. ഒരാള്‍ എന്റെ അടുത്ത് വന്ന് ഫോണ്‍ ഒണാക്കി, നമസ്‌കാരം കൂട്ടുകാരെ എന്റെ ടിക്ടോക്കിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് വീഡിയോ എടുക്കുകയാണ്. ആദ്യമായിട്ടാണ് ജീവിതത്തില്‍ അങ്ങനെ സംഭവിക്കുന്നത്. എനിക്ക് ചിരി വന്നിട്ട് മേല.
ഹലോ എന്താണ്, നിങ്ങളുടെ ടിക്ക്‌ടോക്കിലേക്ക് എന്നെ കൊണ്ടുവരാന്‍ എപ്പോഴാണ് പെര്‍മിഷന്‍ മേടിച്ചത് എന്ന് ചോദിച്ചു. തമാശക്ക് അത് വേണ്ടെന്ന് പറഞ്ഞ് ഫോണ്‍ മേടിച്ച് ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് ഫോട്ടോ എടുത്തിട്ട് പുള്ളി പോയി,’ വിജയ് യേശുദാസ് പറഞ്ഞു.
അതേസമയം വിജയ് യേശുദാസ് നായകനാവുന്ന പുതിയ ചിത്രം സാല്‍മണ്‍ റിലീസിന് ഒരുങ്ങുകയാണ്. ഡോള്‍സിനും കാട്ടുമാക്കാനും ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് സാല്‍മണ്‍. ജൂണ്‍ 30ന് ഇന്ത്യയിലേയും വിദേശങ്ങളിലേയും തിയേറ്ററുകളില്‍ സാല്‍മണ്‍ 3D പ്രദര്‍ശനത്തിനെത്തും.
തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. രാജീവ് പിള്ള, മീനാക്ഷി ജയ്സ്വാള്‍, ജോനിത ഡോഡ, നേഹ സക്സേന തുടങ്ങിയവരും വേഷമിടുന്നു.
Content Highlight: Vijay Yesudas shares his experience with a man who came to take a video