'ഇങ്ങനെയൊക്കെ ചെയ്താല്‍ പാട്ട് ശരിയാവുമോ എന്ന് അപ്പ ചോദിക്കും, എന്നാല്‍ ഇതാണെന്റെ രീതി'; അനുഭവം പറഞ്ഞ് വിജയ് യേശുദാസ്
Entertainment
'ഇങ്ങനെയൊക്കെ ചെയ്താല്‍ പാട്ട് ശരിയാവുമോ എന്ന് അപ്പ ചോദിക്കും, എന്നാല്‍ ഇതാണെന്റെ രീതി'; അനുഭവം പറഞ്ഞ് വിജയ് യേശുദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st January 2021, 6:12 pm

മലയാളം,തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം പാടി കുറഞ്ഞ കാലങ്ങള്‍കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ പാട്ടുകാരനാണ് വിജയ് യേശുദാസ്. യേശുദാസിന്റെ മകന്‍ എന്നതിനപ്പുറം സ്വന്തം മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ വിജയ് യേശുദാസിനായിട്ടുണ്ട്.

തന്റെ പാട്ടിനെക്കുറിച്ചുള്ള ചില അനുഭവങ്ങള്‍ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുകയാണ് വിജയ് യേശുദാസ്. പാട്ടിന്റെ മേഖലയിലേക്കിറങ്ങുമ്പോള്‍ അച്ഛന്‍ ഉപദേശങ്ങള്‍ ഒന്നും തന്നിരുന്നില്ലെന്നും എല്ലാം കണ്ടു പഠിക്കുകയാണ് ചെയ്തതെന്നും വിജയ് യേശുദാസ് പറയുന്നു.

റെക്കോര്‍ഡിങ്ങുള്ള ദിവസങ്ങളില്‍ പോലും താന്‍ ക്രിക്കറ്റ് കളിക്കാറുണ്ടെന്നും കളി കഴിഞ്ഞ് നേരെ സ്റ്റുഡിയോയിലേക്ക് വെച്ചു പിടിക്കുകയാണ് പതിവെന്നും വിജയ് പറയുന്നു. തന്റെ ഇത്തരം ശീലങ്ങള്‍ കണ്ട് ഇങ്ങനെ കളിച്ച് ക്ഷീണിച്ചൊക്കെ പാടാന്‍ പോയാല്‍ ശരിയാകുമോയെന്ന് അപ്പ അമ്മയോട് ചോദിക്കാറുണ്ടെന്നും ഗായകന്‍ പറയുന്നു.

എന്നാല്‍ ഇതൊക്കെയാണ് തന്റെ ഒരു രീതിയെന്ന് പറയുകയാണ് വിജയ് യേശുദാസ്.

എന്റെ പാട്ടുകളെക്കുറിച്ച് മികച്ചതോ മോശമോ ആയ കമന്റുകള്‍ അപ്പയില്‍ നിന്ന് നേരിട്ട് ലഭിച്ചിട്ടില്ല. അമ്മ വഴിയാണ് പലതും കേള്‍ക്കാറുള്ളത്. മിഴികള്‍ക്കിന്നെന്തു വെളിച്ചമെന്ന പാട്ടെല്ലാം ഇഷ്ടപ്പെട്ടതായി മുന്‍പ് പറഞ്ഞതോര്‍മ്മയുണ്ട്. ചില പാട്ടുകള്‍ കേട്ടാല്‍ അതവന്‍ നന്നായി പാടി, അവന് നന്നായി പാടാന്‍ കഴിയുന്നുണ്ട് എന്നെല്ലാം അപ്പ പറയാറുണ്ടത്രേ. വിജയ് യേശുദാസ് പറയുന്നു.

പാട്ടു പാടുന്നതിന് ശബ്ദം നേരെയാവാന്‍ ചില ഭക്ഷണം ഉപേക്ഷിക്കുന്ന കാര്യമെല്ലാം താന്‍ അപ്പനെ നോക്കി പഠിച്ചതാണെന്നും വിജയ് യേശുദാസ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vijay yesudas shares experience about his songs and father