മലയാള സിനിമയില്‍ പാടില്ലെന്ന തീരുമാനവുമായി ഗായകന്‍ വിജയ് യേശുദാസ്. അര്‍ഹിക്കുന്ന വില കിട്ടാത്തതിനാലാണ് പാടില്ലെന്ന് തീരുമാനമെടുത്തതെന്ന് വിജയ് യേശുദാസ് പുതിയ ലക്കം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ല. ആ അവഗണന മടുത്തിട്ടാണ് ഈ തീരുമാനം എടുത്തത്,’ വിജയ് യേശുദാസ് പറഞ്ഞു.
തന്റെ അച്ഛന്‍ യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും വിജയ് അഭിമുഖത്തില്‍ പങ്കുവെക്കുന്നു.
വിജയ് യേശുദാസ് പിന്നണി ഗാന രംഗത്തെത്തിയിട്ട് 20 വര്‍ഷം തികയുകയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ ചുവടുറപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
പൂമുത്തോളെ എന്ന ഗാനത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ്ക്ക് ലഭിച്ചിരുന്നു. ഇതുവരെ മൂന്ന് തവണയാണ് മികച്ച ഗായകനുള്ള അവാര്‍ഡ് വിജയ്ക്ക് ലഭിച്ചിട്ടുള്ളത്.