യേശുദാസിന്റെ മകനാകാന്‍ യോഗ്യനാണ് താന്‍ എന്നറിയില്ലെന്ന് വിജയ് യേശുദാസ്. ജനനത്തിന് മുമ്പ് മാതാപിതാക്കളെ തെരഞ്ഞെടുക്കാന്‍ ആത്മാക്കള്‍ക്ക് സാധിക്കും എന്ന് താന്‍ കേട്ടിട്ടുണ്ടെന്നും ഒന്ന് നന്നാവാന്‍ ഇത്തരം മാതാപിതാക്കള്‍ വേണ്ടി വന്നേക്കാമെന്നും വിജയ് യേശുദാസ് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അദ്ദേഹത്തിന്റെ മകനാകാന്‍ ഞാന്‍ യോഗ്യനാണോ എന്ന് എനിക്കറിയില്ല. ജനനത്തിന് മുമ്പ് തന്നെ ഒരു വ്യക്തിയുടെ ആത്മാവ് അയാളുടെ മാതാപിതാക്കള്‍ ആരായിരിക്കണമെന്ന് തെരെഞ്ഞെടുക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അതിലെന്തോ ഉണ്ട്. അത് കൂടുതല്‍ ആഴത്തില്‍ പറഞ്ഞുതരാന്‍ എനിക്ക് അറിയില്ല.
ഇത് ആത്മീയമായോ മതപരമായോ പറയുന്നതല്ല. അതൊരു എനര്‍ജിയാണ്. പക്ഷേ ശരിക്കും പറഞ്ഞാല്‍ ആ ആത്മാവാണ് മാതാപിതാക്കളെ തെരഞ്ഞെടുക്കുന്നത്. അതിന് മുമ്പ് ചിലപ്പോള്‍ നിരവധി ജീവിതത്തിലൂടെയോ അനുഭവങ്ങളിലൂടെയോ ഒക്കെ കടന്നുപോയിട്ടുണ്ടാവാം. ചിലപ്പോള്‍ ഒരു വീണ്ടെടുപ്പിന് വേണ്ടിയോ നന്നാവാനോ ഇങ്ങനത്തെ പേരന്റ്‌സ് വേണ്ടി വരും,’ വിജയ് പറഞ്ഞു.
അതേസമയം വിജയ് യേശുദാസ് നായകനാവുന്ന പുതിയ ചിത്രം സാല്‍മണ്‍ റിലീസിന് ഒരുങ്ങുകയാണ്. ഡോള്‍സിനും കാട്ടുമാക്കാനും ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് സാല്‍മണ്‍. ജൂണ്‍ 30ന് ഇന്ത്യയിലേയും വിദേശങ്ങളിലേയും തിയേറ്ററുകളില്‍ സാല്‍മണ്‍ ത്രി ഡി പ്രദര്‍ശനത്തിനെത്തും.
തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. രാജീവ് പിള്ള, മീനാക്ഷി ജയ്സ്വാള്‍, ജോനിത ഡോഡ, നേഹ സക്സേന തുടങ്ങിയവരും വേഷമിടുന്നു.
Content Highlight: Vijay Yesudas says he doesn’t know he is worthy to be yesudas’s son