അനുവാദമില്ലാതെ സെല്‍ഫിയെടുത്ത ആളെ തടഞ്ഞ യേശുദാസിന്റെ വീഡിയോ മുമ്പ് വൈറലായിരുന്നു. നടന്നുപോവുന്നതിനിടയില്‍ അടുത്ത് വന്ന് സെല്‍ഫി എടുത്ത ആളുടെ ഫോണ്‍ വാങ്ങി അദ്ദേഹത്തോട് കയര്‍ത്ത് സംസാരിക്കുന്ന യേശുദാസിന്റെ വീഡിയോ അഞ്ച് വര്‍ഷം മുമ്പാണ് വൈറലായത്. തുടര്‍ന്ന് യേശുദാസിനെ കുറ്റപ്പെടുത്തിയും അഹങ്കാരി എന്ന് വിളിച്ചും നിരവധി കമന്റുകളും റിയാക്ഷനുകളും പുറത്ത് വന്നിരുന്നു.
അന്നത്തെ സംഭവങ്ങളോട് പ്രതികരിക്കുകയാണ് വിജയ് യേശുദാസ്. അന്ന് കുറ്റപ്പെടുത്തിയവര്‍ അദ്ദേഹത്തിന്റെ പ്രായം പോലും പരിഗണിച്ചില്ലെന്നും ഇത്തരക്കാരെ പറ്റി ചിന്തിക്കാതിരിക്കുന്നതാണ് നല്ലതെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞു.
‘അപ്പയുടെ പ്രായം, ആ സംഭവങ്ങള്‍ എങ്ങനെ നടന്നു, എന്നുള്ളതൊക്കെ നമ്മള്‍ ആലോചിക്കണം. മിക്ക ഓണ്‍ലൈനുകളും അതിനെ വേറെ രീതിയില്‍ കൊടുത്തു. ശിവകുമാര്‍ സാറിന് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഇവരൊക്കെ എവിടെ നിന്നും വന്നതാണ്, എത്രയോ നാളുകളാണ് ഫീല്‍ഡില്‍ ഉള്ളവരാണ്, അവരുടെ പ്രായം എന്താണ്, അതുപോലും പരിഗണിക്കാതെയാണ് ചിലരുടെ റിയാക്ഷനുകളും കമന്റുകളും വന്നത്. അങ്ങനത്തെ ആള്‍ക്കാരെ പറ്റി നമ്മള്‍ ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്,’ വിജയ് യേശുദാസ് പറഞ്ഞു.
ദുബായ് ഷോപ്പിങ് സെന്റില്‍ വെച്ച് വീഡിയോ എടുക്കാന്‍ വന്ന ആളില്‍ നിന്നും നേരിട്ട അനുഭവം വിജയ് യേശുദാസും പങ്കുവെച്ചു.
‘ഞാന്‍ അവിടെ നിന്നപ്പോള്‍ കുറച്ചുപേര്‍ അടുത്ത് വന്നു ഫോട്ടോ എടുക്കാന്‍ തുടങ്ങി. എല്ലാവര്‍ക്കും ഞാന്‍ എടുത്തുകൊടുക്കുന്നുണ്ട്. ഒരാള്‍ എന്റെ അടുത്ത് വന്ന് ഫോണ്‍ ഓണാക്കി, നമസ്‌കാരം കൂട്ടുകാരെ എന്റെ ടിക്ടോക്കിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് വീഡിയോ എടുക്കുകയാണ്. ആദ്യമായിട്ടാണ് ജീവിതത്തില്‍ അങ്ങനെ സംഭവിക്കുന്നത്. എനിക്ക് ചിരി വന്നിട്ട് മേല.
ഹലോ എന്താണ്, നിങ്ങളുടെ ടിക്ക്ടോക്കിലേക്ക് എന്നെ കൊണ്ടുവരാന്‍ എപ്പോഴാണ് പെര്‍മിഷന്‍ മേടിച്ചത് എന്ന് ചോദിച്ചു. തമാശക്ക് അത് വേണ്ടെന്ന് പറഞ്ഞ് ഫോണ്‍ മേടിച്ച് ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് ഫോട്ടോ എടുത്തിട്ട് പുള്ളി പോയി,’വിജയ് യേശുദാസ് പറഞ്ഞു.
Content Highlight: vijay yesudas reponse in the selfie issue of yesudas