യേശുദാസിന്റെ മകൻ എന്ന പ്രതീക്ഷ മറ്റുള്ളവർക്കുണ്ടായിരുന്നത് ബുദ്ധിമുട്ടായിരുന്നെന്ന് നടനും ഗായകനുമായ വിജയ് യേശുദാസ്. യേശുദാസിന്റെ മകൻ എന്ന രീതിയിൽ ഒരു നല്ല തുടക്കം കിട്ടിയിട്ടുണ്ടായിരുന്നെന്നും സ്വന്തം കഴിവുകൊണ്ടാണ് നല്ല ഗായകനെന്ന് തെളിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തി;ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദാസേട്ടന്റെ മകൻ എന്ന മറ്റുള്ളവരുടെ പ്രതീക്ഷകൾ എനിക്ക് പേടിയേക്കാൾ ഉപരി ഇതെന്തൊരു കഷ്ടം എന്ന തോന്നൽ തന്നിരുന്നു. പി. ജയചന്ദ്രൻ സാർ എന്നോട് പറഞ്ഞിട്ടുണ്ട് അദ്ദേഹം വരെ അച്ഛന്റെ ഗാനങ്ങൾ കേട്ടാണ് പഠിച്ചിരിക്കുന്നതെന്ന്. അപ്പോൾ ഞാനും അതൊക്കെ കേട്ട് പഠിക്കുന്നത് ഒരു ക്ലാസ്സ് ആയിരിക്കുമെന്ന് അദ്ദേഹം പറയും.
തുടക്കത്തിൽ ചിലപ്പോൾ എനിക്ക് നല്ലൊരു ഇൻട്രോ കിട്ടിയത് യേശുദാസിന്റെ മകൻ എന്നുള്ളതുകൊണ്ടാകാം. എനിക്ക് നല്ലൊരു ഓപ്പണിങ് കിട്ടി, പക്ഷെ അത് വലിയൊരു സംഭവമൊന്നും പിന്നീടായില്ല. നമ്മൾ നമ്മുടെതായ രീതിയിൽ കഴിവ് തെളിയിച്ചില്ലെങ്കിൽ ശരിയാകില്ല. അങ്ങനൊരു നല്ല അവസരം കിട്ടിയത് ‘കൊലക്കുഴൽ’ എന്ന ഗാനത്തിൽ നിന്നാണ്,’ വിജയ് യേശുദാസ് പറഞ്ഞു.
അഭിമുഖത്തിൽ തന്റെ തുടക്കകാല അനുഭവങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. പ്രഭു ദേവയുടെ ചിത്രത്തിൽ താൻ പാടിയഗാനം മറ്റൊരാളെക്കൊണ്ട് പാടിച്ചെന്നും താൻ പട്ടയ ഗാനം ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മളെ പാടാൻ വിളിക്കുമ്പോൾ പാടിയിട്ട് പോകും, പക്ഷെ സിനിമ റിലീസ് ആയിക്കഴിയുമ്പോൾ അത് പാടിയിരിക്കുന്നത് മറ്റാരെങ്കിലും ആയിരിക്കും. അങ്ങനെ സംഭവിച്ചിട്ടുണ്ട്. തുടക്കത്തിൽ ഞാൻ തമിഴിൽ ഒരു പാട്ട് പാടി, പ്രഭു ദേവയുടെ ചിത്രത്തിലാണ്. സിനിമയിൽ ആ ഗാനം വന്നപ്പോൾ ഞാൻ അല്ല പാടിയിരിക്കുന്നത്. ഞാൻ അറിഞ്ഞുപോലും ഇല്ല ആരാണ് പാടിയിരിക്കുന്നതെന്ന്. ഞാൻ പാടിയത് അവർ ഒഴിവാക്കി,’ വിജയ് യേശുദാസ് പറഞ്ഞു.
Content Highlights: Vijay Yesudas on Yesudas