| Monday, 11th June 2018, 10:02 am

തൂത്തുക്കുടി ജനതയോടുള്ള ഐക്യദാര്‍ഢ്യം: ഇത്തവണ പിറന്നാള്‍ ആഘോഷമില്ലെന്ന് നടന്‍ വിജയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് ആരാധകരോട് നടന്‍ വിജയ്. ജൂണ്‍ 22ന് നടക്കാനിരിക്കുന്ന 44ാം പിറന്നാള്‍ ആഘോഷമാണ് വിജയ് വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.

സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്ത ജനങ്ങള്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം നടത്തുന്ന ജനതയോട് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടാണ് വിജയ് തന്റെ പിറന്നാള്‍ ആഘോഷം വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അടുത്തിടെ വിജയ് സന്ദര്‍ശിച്ചിരുന്നു. ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ രാത്രിയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.

പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ച തീരുമാനത്തിന് ആരാധകരുടെ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. നേരത്തെ രജനീകാന്തിനെപ്പോലുളള താരങ്ങളും വിവിധ സാമൂഹിക പ്രശ്‌നങ്ങളുടെ പേരില്‍ പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചിരുന്നു.

എ.ആര്‍ മുരുകദോസിന്റെ ചിത്രത്തിന്റെ തിരക്കിലാണ് വിജയ് ഇപ്പോള്‍.

മെയ് 22നാണ് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പാന്റിനെതിരെ സമരം ചെയ്ത ജനങ്ങള്‍ക്കുനേരെ പൊലീസ് വെടിവെപ്പുണ്ടായത്. സമാധാനപരമായി സമരം ചെയ്യുകയായിരുന്ന ജനങ്ങള്‍ക്കുമേല്‍ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more