| Tuesday, 11th July 2023, 6:18 pm

രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ സിനിമയിലേക്കുണ്ടാവില്ലെന്ന് വിജയ്: ആരാധക സംഘടന ഭാരവാഹികളുടെ വെളിപ്പെടുത്തല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി വിജയ് നടത്തിയ നിര്‍ണായക മീറ്റിങ്ങിലെ വിവരങ്ങള്‍ പുറത്ത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലുള്ള മീറ്റിങ് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

മീറ്റിങ്ങില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സംഘടന ഭാരവാഹികള്‍. ‘രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പിന്നെ സിനിമയില്‍ അഭിനയിക്കില്ല. മുഴുവന്‍ ശ്രദ്ധയും രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കും’ എന്ന് വിജയ് പറഞ്ഞതായി വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവിധ തമിഴ് മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും ചുമതലക്കാരുമായാണ് ഇന്ന് വിജയ് യോഗം ചേര്‍ന്നത്. ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള വിജയ്‌യുടെ ഫാം ഹൗസിലാണ് യോഗം നടന്നത്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേയും ടി.വി.എം.ഐ.യുടെ ചുമതലക്കാര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 10, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാസം നടത്തിയ ചടങ്ങില്‍ വിജയ് ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ വെച്ചും വിദ്യാര്‍ത്ഥികള്‍ വിജയ്‌യോട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന വിജയ്‌യുടെ ആഹ്വാനവും ശ്രദ്ധ നേടിയിരുന്നു.

ലോകേഷ് കനകരാജിന്റെ ലിയോയാണ് ഇനി പുറത്ത് വരാനിരിക്കുന്ന വിജയ് ചിത്രം. ഇതിന് ശേഷം സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ ചിത്രത്തിലായിരിക്കും വിജയ് അഭിനയിക്കുക.

Content Highlight: Vijay won’t enter films if he enters politics: Fan association office-bearers

We use cookies to give you the best possible experience. Learn more