ചെന്നൈ: തമിഴ് ചാനലായ വിജയ് ടിവിയിലെ നീയാ നാനാ എന്ന സംവാദ പരിപാടി വിവാദത്തില്‍. മലയാളി പെണ്‍കുട്ടികള്‍ക്കാണോ തമിഴ് പെണ്‍കുട്ടികള്‍ക്കാണോ സൗന്ദര്യം കൂടുതലെന്ന ചര്‍ച്ചയാണ് പരിപാടിയെ വിവാദത്തില്‍ ചാടിച്ചത്. വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ചാനല്‍ പരിപാടി ഉപേക്ഷിക്കുകയായിരുന്നു.
പരമ്പരാഗത വേഷത്തിലായിരുന്നു പരിപാടിയില്‍ സ്ത്രീകള്‍ പങ്കെടുത്തത്. മലയാളി മങ്കമാര്‍ സെറ്റ് സാരിയും തമിഴ് പെണ്‍കുട്ടികള്‍ കാഞ്ചീപുരവുമായിരുന്നു ധരിച്ചിരുന്നത്. സംവാദത്തിന്റെ പ്രെമോ കുറച്ച് ദിവസമായി ചാനല്‍ സംപ്രേക്ഷണം ചെയ്തു വരികയായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി സ്ത്രീപക്ഷ സംഘടനകള്‍ പരിപാടിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.
സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും വശീയാധിക്ഷേപവും നിറഞ്ഞതായിരുന്നു പരിപാടിയെന്നും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നിയമപ്രകാരം കേസെടുക്കണമെന്നും സംപ്രേഷണം തടയണമെന്നും ആവശ്യപ്പെട്ട് കാഞ്ചീപുരത്തെ മക്കള്‍ മണ്‍ട്രം എന്ന സംഘടന പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതോടെ പരിപാടി പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ അന്തോണി അറിയിച്ചു. പരിപാടിയുടെ ഉദ്ദേശ ശുദ്ധി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നാണ് സംവിധായകന്റെ വിശദീകരണം. രണ്ട് പ്രദേശങ്ങളിലേയും സ്ത്രീകളുടെ വസ്ത്രം, ആഭരണം, സൗന്ദര്യം തുടങ്ങിയവയെ കുറിച്ച സൗഹൃദ അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു ഉദ്ദേശമെന്നും അദ്ദേഹം പറയുന്നു.