പൃഥ്വിരാജ് നടനായി മലയാള സിനിമയില്‍ തുടക്കം കുറിച്ച കാലത്തു തന്നെ അദ്ദേഹത്തിലെ സംവിധായകനെ താന്‍ മനസിലാക്കിയിരുന്നെന്ന് സംവിധായകന്‍ വിജി തമ്പി.
നന്ദനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിയെ നായകനാക്കി വിജി തമ്പി ഒരുക്കിയ നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിനിടെയുണ്ടായ സംഭവത്തെ കുറിച്ചാണ് വിജി തമ്പി പറയുന്നത്.
നന്ദനത്തിന് ശേഷം ഷൂട്ടിങ് ആരംഭിച്ച ചിത്രം പിന്നേയും ആറ് വര്‍ഷം കഴിഞ്ഞാണ് റിലീസ് ചെയ്തതെന്നും അതിനിടെ സമാനമായ ചില ചിത്രങ്ങള്‍ വന്നതുകൊണ്ട് തന്നെ ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെന്നും വിജി തമ്പി പറയുന്നു. സഫാരി ചാനലിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജി തമ്പി.
‘ നന്ദനം എന്ന സിനിമയുടെ സെറ്റില്‍ പോയി പൃഥ്വിയെ കണ്ട ശേഷമാണ് നമ്മള്‍ തമ്മില്‍ എന്ന സിനിമയിലേക്ക് പൃഥ്വിയെ നായകനായി തീരുമാനിക്കുന്നത്. നന്ദനം കഴിഞ്ഞ ഉടനെ നമ്മള്‍ തമ്മില്‍ തുടങ്ങി. പക്ഷേ വിധിയായിരിക്കാം ആ സിനിമ ആറ് വര്‍ഷം കഴിഞ്ഞാണ് തിയേറ്ററിലെത്തിയത്. അതിനിടെ പൃഥ്വിരാജിന്റെ സ്‌റ്റൈല്‍ മാറി. ഒരുപാട് സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ഈ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി.
പൃഥ്വിയെ കുറിച്ച് പറയുമ്പോള്‍ ആ സിനിമയിലെ ഒരു സീന്‍ എടുക്കുന്ന സമയത്തുണ്ടായ ഒരു കാര്യമാണ് എനിക്ക് ഓര്‍മ വരുന്നത്.
ഏതൊരു പുതിയ ആക്ടര്‍ക്കും തെറ്റ് പറ്റുന്ന ഒരു കാര്യമുണ്ട്. ഒരു കല്ലെടുത്ത് ഒരു സ്ഥലത്തേക്ക് എറിയുന്നതാണ് ഷോട്ട്. കല്ല് തറയില്‍ നിന്ന് എടുക്കുന്നതാണ് ആദ്യത്തെ ഷോട്ട്. അത് ചെയ്യാന് പറഞ്ഞാല്‍ ആരായാലും കല്ല് ടക് എന്ന പറഞ്ഞ് എടുക്കുകയാണ് ചെയ്യുക. അപ്പോള്‍ ക്യാമറയില്‍ അത് രജിസ്റ്റര്‍ ആകാതെ പോകും. ഫ്രാക്ഷന്‍ ഓഫ് സെക്കന്റില്‍ ക്യാമറയില്‍ നിന്ന് മറഞ്ഞുപോകും.
ബുദ്ധിമാനായ ഒരാള്‍ക്കേ അത് എങ്ങനെ എടുക്കണമെന്ന് തീരുമാനിക്കാന്‍ പറ്റുള്ളൂ. ഞാന്‍ അത്ഭുതത്തോടെ നോക്കിയത് പൃഥ്വി വന്നിട്ട് ആ കല്ലില്‍ ഇങ്ങനെ കൈ വെച്ച് കുറച്ച് സെക്കന്റ് നിന്നു. അതിന് ശേഷമാണ് കല്ലെടുത്തു പൊക്കിയത്. ഇയാളില്‍ ഒരു സംവിധായകന്‍ ഉണ്ടെന്ന് എനിക്ക് മനസിലായി.
അല്ലാതെ ഒരു ആക്ടറിന് മാത്രം അത് ചെയ്യാന്‍ പറ്റില്ല. ആദ്യത്തെ ടേക്കില്‍ ഓക്കെയാവില്ല. ക്യാമറാമാന്‍ പറയും രജിസ്റ്റര്‍ ആയില്ല ഒന്നുകൂടി എടുക്കണമെന്ന്. പക്ഷേ ആദ്യ ടേക്കില്‍ തന്നെ പൃഥ്വി ഇത് ഓക്കെയാക്കി. അന്നും അയാള്‍ വളരെ കീന്‍ ആയി ഓരോ ഷോട്ടും വാച്ച് ചെയ്യുമായിരുന്നു.
ക്യാമറ ഏത് ആംഗിളില്‍ വെക്കുന്നു, സ്‌ക്രിപ്റ്റില്‍ ഷോട്ട് എവിടെ മാര്‍ക്ക് ചെയ്യുന്നു, ഇതെല്ലാം ശ്രദ്ധിക്കുമായിരുന്നു. രണ്ടാമത്തെ സിനിമ അഭിനയിക്കുമ്പോഴും ഒരു ഡയറക്ടറുടെ മിടുക്ക് അദ്ദേഹത്തിലുണ്ടായിരുന്നു. അദ്ദേഹം കാണാത്ത സിനിമകളുണ്ടാവില്ല. തമ്പി സാര്‍ ആ പടമൊന്ന് കാണണം കേട്ടോ എന്ന് പറയും. വളരെ അടുപ്പം പൃഥ്വിയുമായും ഇന്ദ്രനുമായും എനിക്കുണ്ട്. സുകുവേട്ടനുമായുള്ള അതേ അടുപ്പം. സുകുവേട്ടന്‍ ആഗ്രഹിച്ച് നടക്കാന്‍ പറ്റാതെ പോയ സംവിധാനമെന്ന മേഖലയില്‍ പൃഥ്വി എത്തിയതും മലയാളത്തിലെ മികച്ച രണ്ട് നടന്മാരായി പൃഥ്വിരാജും ഇന്ദ്രനും മാറി എന്നതും സുകുവേട്ടന്‍ സ്വര്‍ഗത്തില്‍ ഇരുന്ന് കാണുന്നുണ്ടെന്നാണ് എന്റെ വിശ്വാസം,’ വിജി തമ്പി പറഞ്ഞു.
Content Highlight: Vijay Thambi share an experiance with prithviraj