| Sunday, 25th December 2022, 5:29 pm

ഗേള്‍ ഫ്രണ്ടിനൊപ്പം ഖുശ്ബുവിന്റെ പടത്തിന് പോയ കഥ പറഞ്ഞ് വിജയ്; പേര് ചോദിച്ച അവതാരകയെ സ്റ്റേജില്‍ നിന്നും ഓടിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വാരിസ് എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്ന ചെന്നൈ നെഹ്‌റു സ്‌റ്റേഡിയത്തിലേക്ക് ആരാധകര്‍ ഒഴുകിയപ്പോള്‍ അവര്‍ക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, രണ്ട് വര്‍ഷത്തിന് ശേഷം വരുന്ന തങ്ങളുടെ പ്രിയപ്പെട്ട ദളപതിയുടെ പ്രസംഗം കേള്‍ക്കുക. കഴിഞ്ഞ ദിവസം നടന്ന വാരിസ് ഓഡിയോ ലോഞ്ചില്‍ പതിവ് തെറ്റിക്കാതെ വിജയ് ആരാധകരെ അഭിസംബോധന ചെയ്തിരുന്നു. പ്രസംഗത്തിനിടക്ക് നടന്ന ചില രസകരമായ സംഭവങ്ങളും നടന്നിരുന്നു. നടി ഖുശ്ബുവിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു വിജയ്.

‘ഖുശ്ബു ദീദിയും വാരിസില്‍ അഭിനയിച്ചിട്ടുണ്ട്. അവരുടെ മുഖം കണ്ടാല്‍ തന്നെ ചിന്ന തമ്പി സിനിമ ഓര്‍മ വരും. ഞാന്‍ ആ സിനിമ പോയി കണ്ടത്, കൂട്ടുകാരെ കൂട്ടിക്കൊണ്ട് പോയി ആ പടം കണ്ടത്, ഗേള്‍ ഫ്രണ്ടിനെ കൂട്ടിക്കൊണ്ട് പോയത്, എന്ന് വിജയ് പറയുന്നതിനിടക്ക് അവതാരക സ്‌റ്റേജിലേക്ക് കയറി വന്ന് ഗേള്‍ഫ്രണ്ടെന്ന് പറഞ്ഞല്ലോ, ഗേള്‍ഫ്രണ്ടിന്റെ പേര് ഒന്ന് പറയാമോ എന്ന് ചോദിച്ചു. നീ ഇപ്പോള്‍ പോകാന്‍ വിജയ് പറഞ്ഞു.

തുടര്‍ന്ന് സംസാരിക്കാനാവാതെ വിജയ് ഒന്ന് നിര്‍ത്തിയപ്പോള്‍ ആ ഗേള്‍ഫ്രണ്ടിന്റെ പേര് പറഞ്ഞാല്‍ ഞങ്ങളും അതെല്ലാം നെഞ്ചില്‍ പച്ച കുത്തുമെന്ന് അവതാരകനും പറഞ്ഞു. ഇതിന് മറുപടിയായി മിണ്ടാതിരിക്ക് ശൂ എന്ന് പറഞ്ഞ് വിജയ് ചൂണ്ടുവിരല്‍ ചുണ്ടത്ത് വെച്ചു. തുടര്‍ന്ന് താരം ചിരിക്കുകയും ചെയ്തു. ഖുശ്ബുവിന് ഈ സിനിമയില്‍ ചെറിയ കഥാപാത്രമാണുള്ളതെന്നും പക്ഷേ അവര്‍ അത് വന്ന് ചെയ്തത് വലിയ കാര്യമാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

അതേസമയം വാരിസ് ഓഡിയോ ലോഞ്ച് വേദിയില്‍ വെച്ച് വിജയ് എടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘എന്‍ നെഞ്ചുക്കുള്‍ കുടിയിരിക്കും’ എന്ന ക്യാപ്ഷനോടെയാണ് വിജയ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

സാധാരണ അഭിമുഖങ്ങളോ വാര്‍ത്ത സമ്മേളനങ്ങളോ നടത്താത്ത വിജയ് പൊതുജനത്തെയും, ആരാധകരെയും അഭിമുഖീകരിക്കുന്നത് സിനിമകളുടെ ഓഡിയോ ലോഞ്ചിലാണ്. നെല്‍സണ് നല്‍കിയ അഭിമുഖത്തില്‍ എന്തിനാണ് താന്‍ ഓഡിയോ ലോഞ്ചില്‍ വലിയ പ്രസംഗം നടത്തുന്നതെന്ന് വിജയ് പറഞ്ഞിരുന്നു. തന്റെ മനസില്‍ തോന്നുന്ന ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയാണ് ഇതെന്നാണ് വിജയ് പറഞ്ഞത്.

2023 പൊങ്കല്‍ റിലീസായിട്ടാണ് വാരിസ് എത്തുന്നത്. വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാന ആണ് നായികയാവുന്നത്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Content Highlight: vijay talks about his girlfriend and khushbu movie in varisu audio launch

Latest Stories

We use cookies to give you the best possible experience. Learn more