| Saturday, 17th June 2023, 4:30 pm

അംബേദ്കറെ അറിയണം, കാമരാജിനെപ്പറ്റിയും അറിയണം; വിദ്യാർത്ഥികളോട് വിജയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അംബേദ്കർ, കാമരാജ് തുടങ്ങിയ എല്ലാ നേതാക്കളെപ്പറ്റിയും വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണമെന്ന് നടൻ വിജയ്. എല്ലാവരിൽ നിന്നും നല്ല കാര്യങ്ങൾ തിരഞ്ഞെടുത്തിട്ട് ആവശ്യമില്ലാത്തത് വിട്ടുകളയണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നത്തിനായി വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാവരും കഴിയുന്നത്ര പഠിക്കാൻ ശ്രമിക്കുക. എല്ലാവരെക്കുറിച്ചും അറിയാൻ ശ്രമിക്കുക. എല്ലാ നേതാക്കളെയും അറിയുക. അംബേദ്കറെ അറിയുക, കാമരാജിനെ അറിയുക, എല്ലാവരിൽ നിന്നും നല്ലത് മാത്രം തെരഞ്ഞെടുക്കുക. ആവശ്യമില്ലാത്തത് വിട്ട് കളയുക. ഇതാണ് എനിക്ക് നിങ്ങൾക്ക് തരാനുള്ള സന്ദേശം,’ വിജയ് പറഞ്ഞു.

കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ തന്നെ കുത്തുന്നതുപോലെയെന്ന് പരിപാടിയില്‍ വിജയ് പറഞ്ഞിരുന്നു.

വിദ്യാര്‍ഥികളോട് നാളത്തെ വോട്ടര്‍മാരാണ് നിങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ് വിജയ് തെരഞ്ഞെടുപ്പിലെ മോശം പ്രവണതകള്‍ ചൂണ്ടിക്കാട്ടിയത്. പണം വാങ്ങി വോട്ട് നല്‍കുന്നവര്‍ സ്വന്തം വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ കുത്തുകയാണ് ചെയ്യുന്നതെന്നും

ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണെന്നും അപ്പോള്‍ അയാള്‍ അതിന് മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കണമെന്നും വിജയ് പറഞ്ഞിരുന്നു.

234 നിയമസഭാ മണ്ഡലങ്ങളിൽനിന്നും വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിജയ് മക്കൾ ഇയക്കം പ്രവർത്തകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ ആണ് വരാനിരിക്കുന്ന വിജയ്‌ ചിത്രം. ചിത്രത്തിൽ ഗാംഗ്സ്റ്ററുടെ വേഷത്തിൽ ആയിരിക്കും വിജയ് എത്തുക. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. ഡി.ഒ.പി: മനോജ് പരമഹംസ, ആക്ഷന്‍: അന്‍പറിവ്, എഡിറ്റിങ്: ഫിലോമിന്‍ രാജ്, ആര്‍ട്ട്: എന്‍. സതീഷ് കുമാര്‍, കൊറിയോഗ്രാഫി: ദിനേഷ്, ഡയലോഗ്: ലോകേഷ് കനകരാജ്, രത്നകുമാര്‍, ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍. ഒക്ടോബര്‍ 19ന് ലിയോ ലോകമെമ്പാടുമുള്ള  തിയേറ്ററുകളില്‍ എത്തും. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlights: Vijay speech at the function of honouring the SSLC and plus 2 students

We use cookies to give you the best possible experience. Learn more