കോഴിക്കോട്: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കിയെടുത്ത ചിത്രമായിരുന്നു തലൈവി. കങ്കണ നായികയായ ചിത്രത്തില്‍ നടി ഷംന കാസിമായിരുന്നു തോഴി ശശികലയുടെ റോളില്‍ എത്തിയത്.
എ.എല്‍. വിജയ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണെങ്കില്‍ ശശികലയായി തന്നെ വിളിക്കണമെന്ന് പറഞ്ഞിരുന്നെന്നാണ് ചിത്രത്തെ കുറിച്ച് ഷംന കാസിം പറയുന്നത്.
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. കങ്കണയ്ക്ക് അഞ്ചാം നാഷണല്‍ അവാര്‍ഡ് കിട്ടുമെന്ന് ഉറപ്പാണെന്നും എ.എല്‍. വിജയ്ക്കും അരവിന്ദ് സ്വാമിക്കും അവാര്‍ഡ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷംന പറഞ്ഞു.
ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണെങ്കില്‍ ശശികലയായി തന്നെ വിളിക്കണമെന്ന് സംവിധായകനോട് പറഞ്ഞിട്ടുണ്ടെന്നും ഷംന പറഞ്ഞു. ഇതിന് മറുപടിയായി ‘രണ്ടാം ഭാഗമുണ്ടെങ്കില്‍ വില്ലത്തിയാട്ടായിരിക്കും ആ കഥാപാത്രം എത്തുക. സിനിമ റിലീസായാല്‍ പിന്നെ തമിഴ്‌നാട്ടില്‍ ഇറങ്ങി നടക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും…’ എന്നാണ് സംവിധായകന്‍ എ.എല്‍. വിജയ് പറഞ്ഞതെന്നും ഷംന പറഞ്ഞു.
ജയലളിതയുടെ പതിനാറ് വയസ്സുമുതലുള്ള ജീവിതവും വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് എ.എല്‍. വിജയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പശ്ചാത്തലം.
തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി. വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ്.