മോഹന്‍ലാല്‍ നായകനായ ഭീഷ്മര്‍ നടക്കാതെ പോയ സ്വപ്‌നം, കൈകാര്യം ചെയ്യാന്‍ പറ്റാത്തത്ര ഹെവിയായിരുന്നു ആ സബ്ജക്റ്റ്: വിജയ് ശങ്കര്‍
Film News
മോഹന്‍ലാല്‍ നായകനായ ഭീഷ്മര്‍ നടക്കാതെ പോയ സ്വപ്‌നം, കൈകാര്യം ചെയ്യാന്‍ പറ്റാത്തത്ര ഹെവിയായിരുന്നു ആ സബ്ജക്റ്റ്: വിജയ് ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th June 2022, 10:39 pm

മലയാളം സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-ലോഹിതദാസ് കോമ്പോ. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ പിറന്നത് ലോഹിതദാസിന്റെ തൂലികയില്‍ നിന്നായിരുന്നു. കിരീടം, കന്മദം, ദശരഥം, ഭരതം, കമലദളം എന്നിങ്ങനെ പോകുന്നു ആ നിര.

മോഹന്‍ലാലിനെ നായകനാക്കിയുള്ള ഭീഷ്മര്‍ ലോഹിതദാസിന്റെ വലിയ സ്വപ്‌നമായിരുന്നു എന്ന് പറയുകയാണ് മകന്‍ വിജയ് ശങ്കര്‍. എട്ട് മാസമെടുത്തിട്ടും അതിന്റെ തിരക്കഥ എഴുതിത്തീര്‍ക്കാന്‍ അച്ഛന് സാധിച്ചില്ലെന്നും അദ്ദേഹത്തിന് പോലും കൈകാര്യം ചെയ്യാന്‍ പറ്റാത്തത്ര ഹെവിയായിരുന്നു അതെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് ശങ്കര്‍ പറഞ്ഞു.

‘മോഹന്‍ലാല്‍ നായകനായ ഭീഷ്മര്‍ നടക്കാതെ പോയ സ്വപ്‌നമാണ്. അച്ഛന്‍ മരിക്കുന്ന സമയത്ത് മോഹന്‍ലാലിനെ നായകനാക്കി ഭീഷ്മര്‍ എന്ന ചിത്രം ഒരുക്കാനുള്ള ജോലിയിലായിരുന്നു. കീരീടത്തിന്റെ തിരക്കഥ അഞ്ച് ദിവസം കൊണ്ടാണ് അച്ഛന്‍ എഴുതിയത്, ഇത് എട്ടോളം മാസമെടുത്തിട്ടും അച്ഛന് എഴുതിത്തീര്‍ക്കാന്‍ സാധിച്ചില്ല. ആ തിരക്കഥ അച്ഛന് പോലും കൈകാര്യം പറ്റാത്തത്ര ഹെവിയായിരുന്നു.

ആ സമയത്ത് അച്ഛന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു ലോഹിതദാസിന്റെ മികച്ച കഥാപാത്രങ്ങള്‍ ഇനി വരാന്‍ ഇരിക്കുന്നതേയുള്ളൂ എന്ന്. ഇന്നും അദ്ദേഹം ജീവിച്ചിരിക്കുന്നുവെങ്കില്‍ മനോഹരമായ ഒരുപാട് കഥാപാത്രങ്ങള്‍ ജന്മം നല്‍കിയേനേ… കലാകാരന് പ്രായമില്ല, അയാളുടെ സര്‍ഗാത്മകത വീഞ്ഞ് പോലെയാണ്. പഴകും തോറും വിര്യം കൂടിയേക്കാം.

അച്ഛന്റെ കാര്യം മാറ്റി നിര്‍ത്തൂ. ഉദാഹരണത്തിന് മറ്റൊരാളുടെ പേര് പറയാം, സാക്ഷാല്‍ മണിരത്‌നം, പ്രണയത്തെ അത്ര തീവ്രമായും മനോഹരമായും ആവിഷ്‌കരിച്ച മറ്റൊരു സംവിധായകന്‍ ഇന്ത്യയിലുണ്ടോ? അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ മൗനരാഗം മുതല്‍ പുതിയകാലഘട്ടത്തിലെ ഓ.കെ കണ്‍മണി വരെ എടുത്തു നോക്കൂ. പ്രണയം ചിത്രീകരിക്കുന്നതില്‍ അദ്ദേഹം അപ്റ്റുഡേറ്റ് ആണ്. അതുകൊണ്ടു തന്നെയാണ് ഇപ്പോഴും ആഘോഷിക്കപ്പെടുന്നത്,’ വിജയ് ശങ്കര്‍ പറഞ്ഞു.

Content Highlight: vijay shankar says Bhishma, of Mohanlal, is an unfulfilled dream of lohithadas