ഐ.പി.എല്ലിന്റെ 13ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ സ്‌കോര്‍. സ്വന്തം തട്ടകത്തില്‍ വെച്ച് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് ടൈറ്റന്‍സ് നേടിയത്.
അഞ്ചാം നമ്പറിലിറങ്ങി വെടിക്കെട്ട് നടത്തിയ വിജയ് ശങ്കറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ടൈറ്റന്‍സിനെ 200 കടത്തിയത്. 24 പന്തില്‍ നിന്നും നാല് ബൗണ്ടറിയും അഞ്ച് സിക്‌സറും ഉള്‍പ്പെടെയായിരുന്നു താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
262.50 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്‍സ് നേടിയത്.
താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്ന അഞ്ച് സിക്‌സറും അവസാന രണ്ട് ഓവറിലാണ് പിറന്നത്. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 19 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
അവസാന ഓവറില്‍ അടിവാങ്ങാനുള്ള ഊഴം കഴിഞ്ഞ മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സിന്റെ രക്ഷകനായ ഷര്‍ദുല്‍ താക്കൂറിനായിരുന്നു. ഈ ഓവറിലാണ് വിജയ് ശങ്കറിന്റെ അര്‍ധ സെഞ്ച്വറിയും ഡേവിഡ് മില്ലറുമൊത്തുള്ള 50 റണ്‍സ് പാര്‍ട്ണര്‍ഷിപ്പുമെല്ലാം പിറന്നത്.
മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ 20 റണ്‍സാണ് അവസാന ഓവറില്‍ പിറന്നത്. 1, 0, 6, 6, 6, 1LB എന്നിങ്ങനെയായിരുന്നു അവസാന ഓവറില്‍ റണ്‍സ് സ്‌കോര്‍ ചെയ്തത്.
ആകെ മൂന്ന് ഓവര്‍ പന്തെറിഞ്ഞ ഷര്‍ദുല്‍ താക്കൂര്‍ വഴങ്ങിയത് 40 റണ്‍സാണ്. ആദ്യ രണ്ട് ഓവറില്‍ 20 റണ്‍സ് വഴങ്ങിയ താക്കൂര്‍ അവസാന ഓവറില്‍ മാത്രം വഴങ്ങിയത് 20 റണ്‍സാണ്. 13.33 ആണ് താരത്തിന്റെ എക്കോണമി.
വിജയ് ശങ്കറിന് പുറമെ സായ് സുദര്‍ശനും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികച്ച സായ് സുദര്‍ശന്‍ ഗുജറാത്തിനെതിരെയും ഫിഫ്റ്റി തികച്ചു.
അതേസയം, 205 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. 12 പന്തില്‍ നിന്നും 15 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബാസിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. മുഹമ്മദ് ഷമിയുടെ പന്തില്‍ യാഷ് ദയാലിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 26 റണ്‍സിന് ഒന്ന് എന്ന നിലയിലാണ് കെ.കെ.ആര്‍. മൂന്ന് പന്തില്‍ നിന്നും ആറ് റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരും മൂന്ന് പന്തില്‍ നിന്നും അഞ്ച് റണ്‍സ് നേടിയ നാരായണ്‍ ജഗദീശനുമാണ് ക്രീസില്‍.