ആദ്യം ബാറ്റ് കൊണ്ട് പിന്നെ പന്ത് കൊണ്ട്; ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച വിജയ് 'മാജിക്കി'ന് നിറഞ്ഞ കയ്യടി
Cricket
ആദ്യം ബാറ്റ് കൊണ്ട് പിന്നെ പന്ത് കൊണ്ട്; ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച വിജയ് 'മാജിക്കി'ന് നിറഞ്ഞ കയ്യടി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th March 2019, 8:41 am

നാഗ്പൂര്‍: ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന ജയമൊരുക്കിയ വിജയ് ശങ്കറിന് ക്രിക്കറ്റ് ലോകത്തിന്റെ നിറഞ്ഞ കയ്യടി. ആദ്യം പന്തു കൊണ്ടും പിന്നെ ബാറ്റ് കൊണ്ടും മാജിക്ക് തീര്‍ത്താണ് വിജയ് ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയമൊരുക്കിയത്.

ഷമിയേയും ബുംറയേയും പലതവണ കബളിപ്പിച്ച മാര്‍ക്ക് സ്റ്റോയിന്‍സിന്റെ നിര്‍ണായക വിക്കറ്റ് പിഴുതെടുത്താണ് വിജയ് ഞെട്ടിച്ചത്. അവസാന ഓവറില്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ്. ക്രീസിലുണ്ടായിരുന്നത് അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ സ്റ്റോയിന്‍സും ആറു റണ്‍സുമായി നഥാന്‍ ലിയോണും. ഇന്ത്യന്‍ ബൗളിങ് നിരയില്‍ പന്തെറിയാന്‍ ബാക്കിയുണ്ടായിരുന്നത് വിജയ് ശങ്കറും കേദര്‍ ജാദവും മാത്രം. ഷമിയുടേയും ബുറയുടേയും ജഡേജയുടേയും യാദവിന്റേയും 10 ഓവറുകള്‍ വീതം കഴിഞ്ഞിരുന്നു.

എന്നാല്‍ വിജയ് തന്നെ നിര്‍ണായകമായ അവസാന ഓവര്‍ എറിയാനെത്തി. ആദ്യ പന്തില്‍ സ്റ്റോയിനിസിനെ എല്‍ബിയില്‍ ശങ്കര്‍ പറഞ്ഞയച്ചു. തൊട്ടടുത്ത പന്തില്‍ സാംപയുടെ രണ്ട് റണ്‍സ്. മൂന്നാം പന്തില്‍ സാംപയുടെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ച മാജിക്കല്‍ യോര്‍ക്കറുമായി ശങ്കര്‍ ഇന്ത്യയുടെ വീരനായകനായി. ഇതോടെ ഇന്ത്യ എട്ട് റണ്‍സിന്റെ ജയം സ്വന്തമാക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 75ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്നിരിക്കുന്ന സമയത്ത് ടീമിന്റെ രക്ഷകനായതും വിജയ് തന്നെ. നാലാം വിക്കറ്റില്‍ കോഹലിക്കൊപ്പമാണ് വിജയ് ശങ്കര്‍ രക്ഷാദൗത്യം ഏറ്റെടുത്തത്. കോഹലിയുമായി 81 റണ്‍സ് കൂട്ടുകെട്ട് സാധ്യമാക്കിയ വിജയ് 41 പന്തില്‍ 46 റണ്‍സാണ് ടീമിന് നേടിക്കൊടുത്തത്.

ഇന്ത്യയുടെ വിജയശില്‍പ്പി ആയതോടെ സോഷ്യല്‍ മീഡിയയ്ക്കകത്തും പുറത്തും ആരാധകരും ക്രിക്കറ്റ് താരങ്ങളും വിജയ് ശങ്കറിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. ലോകകപ്പിനുള്ള ടീമില്‍ തമിഴ്നാട്ടുകാരന്‍ ഇടം പിടിച്ചുവെന്നാണ് ഹര്‍ഭജന്‍ സിങ്ങ് ട്വീറ്ററില്‍ കുറിച്ചത്.