ചെന്നൈ: തമിഴ്‌നാട്ടിലെ സിനിമാ മേഖലയിലെ ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തിന്റെ കണ്ണികളിലൊരാണ് താനെന്ന ആരോപണത്തിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച നടന്‍ വിജയ് സേതുപതി. പോയി വേറെ പണി നോക്കെടോ (പോയി വേറൈ വേലൈ ഇരുന്താ പാര്ങ്കടാ) എന്നാണ് വിജയ് സേതുപതി വിഷയത്തോട് പ്രതികരിച്ച് ട്വിറ്ററില്‍ കുറിച്ചത്.
നടന്‍ വിജയിയെയും എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിനെയും ബിഗിലിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ചോദ്യം ചെയ്ത് സമയത്തായിരുന്നു വിജയ് സേതുപതി, ആര്യ, രമേഷ് ഖന്ന എന്നിവര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് തരത്തിലുള്ള വ്യാജകുറിപ്പ് പ്രചരിച്ചത്. ഇവര്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനസംഘത്തിലെ അംഗങ്ങളാണെന്നും കുറിപ്പില്‍ പറയുന്നുണ്ടായിരുന്നു.
വിജയിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഒന്നും കണ്ടെത്താനായില്ലെന്ന് ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് വന്നതിന്റെ പിന്നാലെയാണ് വിജയ് ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘത്തിന്റെ ഭാഗമാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമാണ് വിജയ് സേതുപതിയെന്നും ഇത്തരത്തില്‍ പ്രചരിച്ച കുറിപ്പുകളില്‍ പറയുന്നു.
ജെപ്പിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ റെജീന മുരളിയുടെ നേതൃത്വത്തിലാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത് കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. വടപളനിയില്‍ വെച്ചു നടന്ന പരിപാടിയില്‍ വെച്ച് നടന്‍ ആര്യ, രമേഷ് ഖന്ന, ആരതി, വിജയ് സേതുപതി എന്നിവര്‍ മതം മാറിയെന്ന് ഇതില്‍ പറയുന്നു. കൂടാതെ എസ്.ആര്‍.എം, ലയോള എന്നീ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനധികൃത പണമിടപാടിനുള്ള മാര്‍ഗങ്ങളാണെന്നും ആരോപിച്ചിരുന്നു.
ബിഗില്‍ എന്ന ചിത്രത്തിന്റെ റിലീസോടെ ഈ പണമിടപാടുകളുടെയും മറ്റു പ്രവര്‍ത്തനങ്ങളുടെയും എല്ലാ തെളിവുകളും പുറത്തുവന്നു എന്നും അതിനാലാണ് ആദായ നികുതി വകുപ്പ് വിജയിയെ കസ്റ്റഡിയിലെടുത്തതെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
വാട്‌സ്ആപ്പിലൂടെയും മറ്റു സാമൂഹ്യമാധ്യമങ്ങളിലൂടെയും ഈ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വെച്ചുകൊണ്ടാണ് ഇപ്പോള്‍ വിജയ് സേതുപതി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നടന്‍ വിജയിയുടെ ക്രിസ്ത്യന്‍ മതസ്ഥനാണെന്നും ജോസഫ് വിജയ് എന്നാണ് ശരിക്കുള്ള പേരെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കള്‍ വിജയിക്കെതിരെ പ്രസ്താവനകള്‍ നടത്താന്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ വിജയിയുടെ പുതിയ ചിത്രമായ മാസ്റ്ററില്‍ വില്ലനായി എത്തുന്നതിനാലാണ് വിജയ് സേതുപതിക്കെതിരെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.