തിയേറ്ററുകളില്‍ ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് മഹാരാജ. വിജയ് സേതുപതി നായകനായ ചിത്രം ഇതിനോടകം തന്നെ 50 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു.
വിജയ് സേതുപതിയുടെ 50ാമത്തെ സിനിമയാണ് മഹാരാജ. കുരങ്കു ബൊമ്മൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഏഴ് വര്‍ഷമെടുത്താണ് നിതിലന്‍ സ്വാമിനാഥന്‍ മഹാരാജ ഒരുക്കിയത്.
കമൽഹാസൻ, രജിനികാന്ത്, വിജയ് തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പം വില്ലൻ വേഷത്തിൽ അഭിനയിച്ചിട്ടുള്ള താരമാണ് വിജയ് സേതുപതി. തനിക്ക് അവരോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ആ സിനിമകളിലെല്ലാം വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും അവർ സംവിധായകരെ എങ്ങനെയാണ് ഹാൻഡിൽ ചെയ്യുന്നതെന്ന് തനിക്ക് അറിയാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും വിജയ് സേതുപതി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒന്ന് എനിക്കൊരു പ്രാക്ടീസിന് വേണ്ടിയാണ് അത് ചെയ്യുന്നത്. മറ്റൊന്ന് ആഗ്രഹം കൊണ്ടാണ്. അവരോടൊപ്പം അഭിനയിക്കുമ്പോഴുള്ള അനുഭവം എങ്ങനെയുണ്ടാവും എന്നറിയാൻ വേണ്ടിയാണ് ഞാൻ അങ്ങനെ അഭിനയിക്കുന്നത്.
അങ്ങനെ വില്ലൻ കഥാപാത്രമായി ചെയ്യുന്ന സമയത്ത് അത് എത്രത്തോളം പ്രേക്ഷകർക്ക് എൻഗേജിങ് ആവുമെന്നും എനിക്കറിയണം. ഞാനാണ് നായകനെങ്കിൽ എന്നെ ചുറ്റിയാണ് കഥ നടക്കുക. വേറൊരാൾ ആണ് നായകനെങ്കിൽ അവരെ ചുറ്റിയാണ് കഥ നടക്കുക. അത് എങ്ങനെയായിരിക്കും എന്നറിയാൻ വേണ്ടിയാണ് ഞാൻ അവരോടൊപ്പം അഭിനയിക്കുന്നത്.
അവരെല്ലാം നല്ല അനുഭവങ്ങളുള്ള അഭിനേതാക്കളാണ്. എല്ലാവരും വലിയ നടന്മാരാണ്. അവരോപ്പം അഭിനയിക്കുമ്പോൾ എങ്ങനെയാണ് അവർ ഒരു സീൻ അപ്രോച്ച് ചെയ്യുന്നതെന്ന് എനിക്ക് അറിയണമായിരുന്നു. അവർ എങ്ങനെയാണ് ഒരു സംവിധായകനെ ഹാൻഡിൽ ചെയ്യുന്നത് എന്നെല്ലാം ഞാൻ ശ്രദ്ധിച്ചിരുന്നു,’വിജയ് സേതുപതി പറയുന്നു.
Content Highlight: Vijay Sethupathy Talk About Why He Act Negative Characters With Super Star