ജയറാം സാറിന് വേണ്ടി മാത്രം ചെയ്ത ചിത്രമാണത്, അതിൽ ഒരുപാട് സന്തോഷമുണ്ട്: വിജയ് സേതുപതി
Entertainment
ജയറാം സാറിന് വേണ്ടി മാത്രം ചെയ്ത ചിത്രമാണത്, അതിൽ ഒരുപാട് സന്തോഷമുണ്ട്: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd June 2024, 2:17 pm

തിയേറ്ററുകളില്‍ ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് മഹാരാജ. വിജയ് സേതുപതി നായകനായ ചിത്രം ഇതിനോടകം തന്നെ 50 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു.

വിജയ് സേതുപതിയുടെ 50ാമത്തെ സിനിമയാണ് മഹാരാജ. കുരങ്കു ബൊമ്മൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഏഴ് വര്‍ഷമെടുത്താണ് നിതിലന്‍ സ്വാമിനാഥന്‍ മഹാരാജ ഒരുക്കിയത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി കേരളത്തിൽ വന്നിരുന്നു. മുമ്പ് മാർക്കോണി മത്തായി, 19(1) എ എന്നീ മലയാള ചിത്രങ്ങളിൽ വിജയ് സേതുപതി അഭിനയിച്ചിട്ടുണ്ട്.

തന്റെ മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. മാർക്കോണി മത്തായി ജയറാമിന് വേണ്ടി ചെയ്ത ചിത്രമാണെന്ന് വിജയ് സേതുപതി പറയുന്നു. തന്റെ സീനിയർ അഭിനേതാക്കളോട് റെസ്‌പെക്ട് ആണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിൽ പിന്നെയും ഒരുപാട് കഥകൾ കേട്ടിട്ടുണ്ടെന്നും വിജയ് സേതുപതി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

’19( 1)എ എന്ന ചിത്രം ഞാൻ ഇന്ദുവിന് വേണ്ടി ചെയ്തതാണ്. അതുപോലെ മാർക്കോണി മത്തായി ഞാൻ ജയറാം സാറിന് വേണ്ടി മാത്രം ചെയ്ത സിനിമയാണ്. ഒരിക്കൽ ജയറാം സാർ എന്റെ ഓഫീസിലേക്ക് വന്നു. എന്നിട്ട് എന്നോട് പറഞ്ഞു, ഇങ്ങനെയൊരു സിനിമയുണ്ട്, വിജയിക്ക് പറ്റുമെങ്കിൽ ഒന്ന് ചെയ്യണമെന്ന്.

ഞാൻ എന്റെ സീനിയർ അഭിനേതാക്കളെ റെസ്‌പെക്ട് ചെയ്യുന്നുണ്ട്. ഞാൻ അത് ചെയ്യാൻ ശ്രമിക്കും. അതുകൊണ്ടാണ് ഞാൻ മാർക്കോണി മത്തായിയും 19 വൺ എയും ചെയ്തത്. പക്ഷെ ആ രണ്ട് സിനിമകളും ചെയ്തതിൽ എനിക്കൊരുപാട് സന്തോഷമുണ്ട്.

അതിന് ശേഷവും മലയാളത്തിൽ നിരവധി കഥകൾ ഞാൻ കേട്ടിരുന്നു. മലയാളം, തെലുങ്ക് എല്ലാത്തിലും നിറയെ കഥകൾ ഞാൻ കേട്ടു. ചില കഥകൾ കേൾക്കുമ്പോൾ ഇൻട്രെസ്റ്റ് തോന്നാറുണ്ട്,’വിജയ് സേതുപതി പറയുന്നു.

അതേസമയം ബോളിവുഡ് താരം അനുരാഗ് കശ്യപാണ് മഹാരാജയിൽ വില്ലനായി എത്തുന്നത്. മംമ്ത മോഹന്‍ദാസ്, അഭിരാമി, സിങ്കം പുലി, നടരാജ സുബ്രമണ്യം(നട്ടി), അരുള്‍ ദോസ് തുടങ്ങി വന്‍ താരനിര മഹാരാജയിലുണ്ട്. കാന്താര, മംഗളവാരം എന്നീ ചിത്രങ്ങള്‍ക്ക് അജനേഷ് ലോകനാഥ് സംഗീതം നല്‍കുന്നുവെന്ന പ്രത്യേകതയും മഹാരാജക്കുണ്ട്.

Read More:

Content Highlight: Vijay Sethupathy Talk About Marckoni Mathayi  Movie