ജൂനിയർ ആർട്ടിസ്റ്റായി കരിയർ തുടങ്ങി ഇന്ന് മക്കൾ സെൽവൻ എന്ന ബ്രാൻഡായി മാറിയ നടനാണ് വിജയ് സേതുപതി. കമൽ ഹാസൻ, രജിനി തുടങ്ങി ബോളിവുഡിലെ കിങ് ഖാന്റെയടക്കം വില്ലനായി അഭിനയിച്ച താരമാണ് വിജയ് സേതുപതി.
ഒട്ടും എളുപ്പമായിരുന്നില്ല വിജയ് സേതുപതിയുടെ ഈ യാത്ര. കാർത്തിക് സുബ്ബരാജ് ഒരുക്കിയ പിസ്സ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്.
വിക്രം വേദയെന്ന ചിത്രത്തിലൂടെ വലിയ ആരാധകരെ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കമൽ ഹാസൻ നായകനായി എത്തിയ വിക്രത്തിലെ സന്താനം എന്ന വിജയ് സേതുപതി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മാജിക്കായാണ് ആ സിനിമയെ താൻ വിശേഷിപ്പിക്കുന്നതെന്നും വിക്രം വലിയ വിജയമായതിൽ വലിയ സന്തോഷമുണ്ടെന്നും വിജയ് സേതുപതി പറയുന്നു.
പണ്ട് കമൽഹാസന്റെ അഭിനയം താൻ ദൂരെ നിന്ന് കണ്ടിട്ടുണ്ടെന്നും ഒന്നിച്ച് അഭിനയിക്കാൻ പറ്റിയത് വലിയ കാര്യമാണെന്നും വിജയ് സേതുപതി മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് പറഞ്ഞു.
‘ലോകേഷ് കനകരാജിന്റെ മാജിക് എന്നാണ് ആ സിനിമയെ ഞാൻ വിശേഷിപ്പിക്കുന്നത്. പ്രേക്ഷകർ ആ സിനിമ ഏറ്റെടുത്തു എന്നതിൽ അതിയായ സന്തോഷമുണ്ട്. ഒപ്പം ഞാൻ ചെയ്ത റോളും അവർ സ്വീകരിച്ചു.
ഇതിനൊക്കെ പുറമെ കമൽ സാറിനൊപ്പം അഭിനയിക്കാനായി എന്ന സന്തോഷവുമുണ്ട്. അദ്ദേഹത്തിന്റെ അഭിനയം ദൂരെ നിന്ന് നോക്കിനിന്നയാളാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് ഇങ്ങനെയൊരു അവസരം കിട്ടിയത് മഹാഭാഗ്യമാണ്,’വിജയ് സേതുപതി പറഞ്ഞു.
അതേസമയം ഈയിടെ ഇറങ്ങിയ വിജയ് സേതുപതി ചിത്രം മഹാരാജ തിയേറ്ററിൽ വലിയ വിജയമായി മാറിയിരുന്നു. വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് തിയേറ്ററിൽ എത്താനുള്ള വിജയ് സേതുപതി ചിത്രം.
Content Highlight: Vijay Sethupathy Talk About Kamalhassan